വേമ്പനാട്ടുകായലിലെ അശാസ്ത്രീയ മണൽഖനനത്തിനെതിരേ സിഐടിയു സമരം……

മുഹമ്മ : വേമ്പനാട്ടുകായലിലെ അശാസ്ത്രീയമായ മണൽഖനനത്തിനെതിരേ സിഐടിയു നേതൃത്വത്തിലുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളി യൂണിയൻ മുഹമ്മ ഏരിയ കമ്മിറ്റി സമരം നടത്തി. ആര്യാട് ചെമ്പന്തറയ്ക്കു സമീപം ഡെജ്ജിങ് നടക്കുന്ന സ്ഥലത്ത് തൊഴിലാളികൾ വള്ളങ്ങളിൽ ചെന്നാണ് പ്രതിഷേധിച്ചത്.
വേമ്പനാട്ടുകായലിന്റെ ആവാസവ്യവസ്ഥ സംരക്ഷിച്ച് കരയിൽനിന്ന് 440 മീറ്റർ കായലിലോട്ടു മാറി ദേശീയ ജലപാതയോടുചേർന്ന് ഏഴടിവീതിയിൽ ലക്ഷം മെട്രിക് ടൺ മണലെടുക്കാനാണ് സ്വകാര്യ ഏജൻസിക്ക് സർക്കാർ അനുമതിനൽകിയത്.
എന്നാൽ, ഇതുലംഘിച്ച് കരയിൽനിന്ന് 100 മീറ്റർ മാത്രം മാറി ഡ്രെജ്ജിങ് നടത്തുകയാണ്. ഒരുദിവസം ലോറിയിൽ 150 ലോഡ് മണലാണ്
കൊണ്ടുപോകുന്നത്. ഏറ്റവും കൂടുതൽ മത്സ്യവും കറുത്ത കക്കയും ലഭിക്കുന്ന ഈ പ്രദേശത്താണ് ഹൈപവർ ഉള്ള പടുകൂറ്റൻ ഡ്രെജ്ജർ ഉപയോഗിച്ച് മണലെടുക്കുന്നതെന്നാണു പരാതി.
തീരദേശത്ത് ലൈഫ് ഭവന പദ്ധതിപ്രകാരം നിർമിച്ച പുതിയ വീടുകൾക്ക്, മണലൂറ്റുന്നതുമൂലം വലിയ വിള്ളലുകളുണ്ടാകുന്നുണ്ടെന്നും നേതാക്കൾ ആരോപിച്ചു.
യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ.എൻ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, എം. ഷാനവാസ്, പി.കെ. സുരേന്ദ്രൻ, എം. രാജേഷ്, രാമചന്ദ്രൻ, എം.ആർ. രാജു, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.

Top