
സാറേ… ഞങ്ങൾക്കൊരു സൂപ്പർ ബസ് വേണം……

മന്ത്രി കെ.ബി. ഗണേഷ് കുമാർ ദീപ്തി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം
മുഹമ്മ : ‘സാറേ.. ഞങ്ങൾക്കാരു സൂപ്പർ ബസ് വേണം..’ മന്ത്രി കെ.ബി. ഗണേഷ് കുമാർ ദീപ്തി സ്പെഷ്യൽ സ്കൂളിൽനിന്നു മടങ്ങാൻ നേരം സ്കൂളിലെ വിദ്യാർഥിയായ ഋഷി ശ്രീജിത് ആവശ്യപ്പെട്ടു. ഋഷിയെ കെട്ടിപ്പിടിച്ചു ‘നീ ആള് കൊള്ളാമല്ലോ… ആവശ്യം പരിഗണിക്കാം’ എന്നു മന്ത്രി ഉറപ്പും നൽകി.
ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മുഹമ്മ ജെട്ടിയും പാതിരാമണലും സന്ദർശിക്കാനെത്തി മടങ്ങവേയാണു പ്രധാനാധ്യാപിക ജോസ്നയുടെ ക്ഷണത്തെത്തുടർന്നു മന്ത്രി സ്കൂളിലെത്തിയത്.
മന്ത്രിയെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു. 110 ഭിന്നശേഷി വിദ്യാർഥിൾ പഠിക്കുന്ന സ്കൂളിൽ കോട്ടയം, എറണാകുളം ജില്ലകളിൽനിന്നടക്കം വിദ്യാർഥികളെത്തുന്നുണ്ട്. ആവശ്യത്തിനു ബസ്സില്ലാത്തതോടെ ദൂരെനിന്നുള്ള വിദ്യാർഥികൾ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. തുടർന്നാണ് എറണാകുളം സ്വദേശിയായ ഋഷി മന്ത്രിയോട് ബസ് ആവശ്യപ്പെട്ടത്.
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റജി, പഞ്ചായത്തംഗം വിഷ്ണു, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, മുഹമ്മ സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ജയന്തി തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.