സിനിമകളിൽ കണ്ടത്ര സുന്ദരമല്ല, ജീവനു ഭീഷണിയാണ് കായിപ്പുറംജെട്ടി പാലം……

മുഹമ്മ : ഒരുകാലത്ത് സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന പാലം ജനങ്ങളുടെ ജീവനു ഭീഷണിയായിട്ട് നാളേറെയായി. ആലപ്പുഴ-മധുര ഹൈവേയിൽ മുഹമ്മ പഞ്ചായത്തിലെ കായിപ്പുറം ജെട്ടി പാലമാണ് അടിഭാഗമുൾപ്പെടെ ദ്രവിച്ച് അപകടാവസ്ഥയിലായത്. കായിപ്പുറം ജങ്ഷനിൽനിന്നു പാതിരാമണൽ ദ്വീപിലേക്കു പോകുന്ന പാതയാണിത്.
കള്ളത്തോടിനു കുറുകേ ‘സെഡ്’ മാതൃകയിൽ നിർമിച്ചതാണ് 65 വർഷത്തിലേറെ പഴക്കമുള്ള പാലം. ഇതിന്റെ കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞുകാണാം. വശത്തെ കരിങ്കൽക്കെട്ടുകളും ഇളകി
ഇടിഞ്ഞുവീണുതുടങ്ങിയിട്ടുണ്ട്. ഏതുസമയവും നിലംപൊത്താവുന്ന
അവസ്ഥയിൽ നെഞ്ചിടിപ്പോടെയാണ് പാലത്തിന്റെ താഴെക്കൂടി പോകുന്നതെന്നു പ്രദേശത്തെ കക്കത്തൊഴിലാളികൾ പറയുന്നു. കക്ക പുഴുങ്ങുന്നതിനായി 150- ഓളം വള്ളങ്ങളാണ് ജീവൻ പണയംവെച്ച് ദിവസവും പാലത്തിനടിയിൽക്കൂടി പോകുന്നത്.
കക്ക കയറ്റിയ ഭാരമുള്ള ലോറികളും പാതിരാമണൽ ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളും ഉപയോഗിക്കുന്ന പാതയാണിത്. സ്കൂൾ ബസുൾപ്പെടെ മറ്റു വാഹനങ്ങൾ വേറെയും. പാതിരാമണൽ ടൂറിസവുമായി ബന്ധപ്പെടുത്തി ലക്ഷങ്ങൾ മുടക്കി റോഡുകൾ വീതികൂട്ടി പണിതെങ്കിലും പാലം പൊളിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല.
തോടിന് ഇരുവശവും കരിങ്കൽഭിത്തി കെട്ടി പുതിയ പാലം നിർമിക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. എന്നാൽ, ഇതുവരെ നടപടിയുണ്ടായിട്ടില്ല. പാതിരാമണൽ ദ്വീപിലേക്കുള്ള പാതയായിട്ടുകൂടി അധികൃതർ നടപടിയെടുക്കാത്തതെന്താണെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. ദ്വീപു വികസനമെന്നു പറയുമ്പോഴും അവിടേക്കുള്ള പാതയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടേയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഭാരമുള്ള വാഹനങ്ങൾ പോകുന്നതൊഴിവാക്കാൻ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും അനുബന്ധറോഡ് നിർമിച്ച് പാലം
പുതുക്കിപ്പണിയണമെന്നുമാണ് പ്രദേശവാസികൾ ആവശ്യമുന്നയിക്കുന്നത്. 1958-ലാണ് പാലം നിർമിച്ചത്. ജലകന്യക, സ്ഫോടനം, വിഷം, കക്ക, മാടത്തരുവി കൊലക്കേസ് തുടങ്ങിയ സിനിമകളുടെ ഭാഗങ്ങൾ ഈ പാലത്തിൽവെച്ച് ചിത്രീകരിച്ചിട്ടുണ്ട്.

Top