ഹൈടെക്കായി ആലപ്പുഴ ബീച്ച് കാർണിവൽ

PUBLISHED: DECEMBER 31, 2025
ആലപ്പുഴ ക്രിസ്മസ്- ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഹൈടെക്ക് മികവ് നൽകി ആലപ്പുഴ ബീച്ച് കാർണിവൽ ശ്രദ്ധേയമാകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബട്ടിക്സിന്റെയും സഹായത്തോടെ തയാറാക്കിയിരിക്കുന്ന വിനോദ വിസ്മയങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. മുന്നൂറിലധികം പക്ഷികളുള്ള ഓപ്പൺ എറി, കാടിന്റെ തോന്നൽ ഉണർത്തുന്ന കൃത്രിമ വനം, അനാക്കോണ്ട് പാമ്പ്, ലോകത്തിലെ കുഞ്ഞൻ കുരങ്ങായ പോക്കറ്റ് മങ്കി എന്ന് അറിയപ്പെടുന്ന മാർമോസറ്റ് മങ്കി, മനുഷ്യനോളം ഉയരമുള്ള ഇന, വിവിധ ഇനം പാമ്പുകൾ തുടങ്ങി നയന മനോഹര കാഴ്ചകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന അവതാർ വേൾഡിന്റെ സിനിമാ സെറ്റ് മാതൃകയിലുള്ള ഹൗസ് ഓഫ് പാണ്ടൂര സന്ദർശകർക്ക് വിസ്മയമാണ്.

നിർമിത ബുദ്ധിയുടെ വിശാല ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന സൂപ്പർ റിയാലിറ്റി ഡോം തിയറ്ററിൽ ഹോട്ട് എയർ ബലൂൺ സഞ്ചാരത്തിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കാം. മനുഷ്യ റോബട്ടുകൾ, കിഡ്സ് പ്ലേ സോൺ, അൻപതിലധികം വ്യാപാര സ്റ്റാളുകൾ, വിശാലമായ ഫുഡ് കോർട്ട് എന്നിവ മേളയുടെ ഭാഗമാണ്. ശനി,ഞായർ, മറ്റ് അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 മണി വരെയും പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 മണി വരെയും ആണ് എക്സ്പോ
പ്രവർത്തിക്കുന്നത്. ജനുവരി 11ന് കാർണിവൽ സമാപിക്കും.

Top