8 വർഷം, 2 തവണ നിർമാണോദ്ഘാടനം; വീണ്ടും ചിറക് വിരിക്കാനൊരുങ്ങി കെഎസ്ആർടിസി മൊബിലിറ്റി ഹബ് പദ്ധതി
JANUARY 02, 2026
റിട്ട.ചീഫ് എൻജിനീയറെ നിയമിച്ച് സാങ്കേതിക സമിതി രൂപീകരിച്ചു
കെഎസ്ആർടിസിയുടെ സാങ്കേതിക വിദഗ്ധ സമിതി അടുത്ത ദിവസം യോഗം കൂടി അനുമതി നൽകും
ആലപ്പുഴ മൊബിലിറ്റി ഹബ് നിർമിക്കാൻ പൈലിങ് നടത്തിയ ഗാരിജ് സ്ഥിതി ചെയ്ത സ്ഥലം. ആലപ്പുഴ നഗരത്തിന്റെ മുഖഛായ മാറ്റാൻ തുടങ്ങിയ കെഎസ്ആർടിസി മൊബിലിറ്റി ഹബ് പദ്ധതിക്ക് വീണ്ടും ചിറക് വയ്ക്കുന്നു. നിർമാണോദ്ഘാടനം നടത്തി എട്ട് വർഷം കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്ന പദ്ധതിക്ക്
കെഎസ്ആർടിസിയുടെ സാങ്കേതിക വിദഗ്ധ സമിതി അടുത്ത ദിവസം യോഗം കൂടി അനുമതി നൽകും.
റിട്ട.ചീഫ് എൻജിനീയർ തസ്തികയിലുള്ള പദവി ഒഴിഞ്ഞുകിടന്നതിനാൽ ഒരു വർഷത്തോളമായി സാങ്കേതിക സമിതി ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം റിട്ട.ചീഫ് എൻജിനീയറെ നിയമിച്ച് സാങ്കേതിക സമിതി രൂപീകരിച്ചു. പദ്ധതിക്ക് 2021ൽ തയാറാക്കിയ നിരക്കുകളുടെ ഔദ്യോഗിക പട്ടികയിൽ (ഡിഎസ്ആർ) വ്യത്യാസം വരുത്താൻ നിർമാണ കമ്പനി ആവശ്യപ്പെടാൻ സാധ്യതയില്ലാത്തതിനാൽ ധനകാര്യ വകുപ്പിൽ നിന്നു അനുമതി ലഭിക്കുന്നതിനും തടസ്സമുണ്ടാകില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് പദ്ധതി വേഗം നടപ്പാകുമെന്നു തന്നെയാണ്.
ശ്രദ്ധിക്കപ്പെട്ട പദ്ധതി
ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, എ.കെ.ശശീന്ദ്രൻ എന്നിവർ മന്ത്രിമാരായിരിക്കെ 2016ൽ മൊബിലിറ്റി ഹബ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി, കിഫ്ബി പദ്ധതിയുടെ ഭാഗമായി 493.06 കോടി രൂപ അനുവദിച്ചു. 2017ൽ നിർമാണോദ്ഘാടനം നടത്തി. അതിനും 10 വർഷം മുൻപാണ് ആലപ്പുഴയുടെ അഭിമാനമായ ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ മൊബിലിറ്റി ഹബ് നിർമിക്കാൻ ആലോചന തുടങ്ങുന്നത്. അക്കാലത്ത് കൊച്ചി വൈറ്റില മൊബിലിറ്റി ഹബ് ആലോചന പോലും ഉണ്ടായിരുന്നില്ല. പിന്നീട് 2012-13ൽ വൈറ്റില ഹബ് തുടങ്ങി.
ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മുതൽ ബോട്ട് ജെട്ടിവരെ 4.07 ഏക്കർ സ്ഥലത്ത് 1,75,000 ചതുരശ്രയടി വിസ്തീർണത്തിൽ മൊബിലിറ്റി ഹബ് നിർമിക്കുന്നതാണ് പദ്ധതി. ബസ് ടെർമിനലിന്റെ വിസ്തീർണം മാത്രം 58,000 ചതുരശ്രയടിയാണ്. ബോട്ട് ടെർമിനൽ, ജലഗതാഗത വകുപ്പ് ഓഫിസ്, ബോട്ട് റിപ്പയറിങ് ഡോക്, ഷോപ്പിങ് കോംപ്ലക്സ്, എക്സിബിഷൻ സെന്റർ, യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം, റെയിൽവേ സ്റ്റേഷൻ മുതൽ തോടുകളുടെ കരയിലൂടെ മോണോ റെയിൽ തുടങ്ങിയവയും പദ്ധതിയിലുണ്ട്.
നടന്ന കാര്യങ്ങൾ
രണ്ടാം തവണ നിർമാണോദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. തുടർന്നു പൈലിങ് തുടങ്ങി. നിർമാണ കമ്പനിയായ ഇൻകെൽ മൂന്നോ നാലോ പൈലിങ് നടത്തിയപ്പോൾ തടസ്സമായി. പദ്ധതി രൂപരേഖ അപ്രായോഗികമാണെന്നു നഗരാസൂത്രണ വിഭാഗം ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റി തീരുമാനിച്ചതായിരുന്നു കാരണം. ഇതിനിടെ കെഎസ്ആർടിസിയുടെ ആലപ്പുഴയിലെ ഗാരിജ് വളവനാട് നാഷനൽ ഹൗസിങ് ബോർഡിന്റെ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.
ഇതിനായി ഹൗസിങ് ബോർഡിന്റെ ആറ് ഏക്കറോളം സ്ഥലം വാടകയ്ക്കെടുത്ത് ഏഴ് കോടിയോളം രൂപ ചെലവഴിച്ച് താൽക്കാലിക വർക്ഷോപ്, ഗാരിജ് എന്നിവ നിർമിച്ചു. എന്നാൽ വാടക കുടിശിക നൽകുന്നില്ലെങ്കിൽ സ്ഥലം
വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് ബോർഡ് നോട്ടിസ് നൽകി. ഇപ്പോൾ ബോർഡുമായി ചർച്ച നടത്തി താൽക്കാലിക നീക്കുപോക്ക് ഉറപ്പാക്കിയിട്ടുണ്ട്.
എച്ച്.സലാം എംഎൽഎയുടെ നിരന്തര ഇടപെടൽ മൂലം മൊബിലിറ്റി ഹബ്ബിന്റെ ഉയരം 27 മീറ്ററിൽ നിന്ന് 12 മീറ്ററിലേക്കും കനാൽ തീരത്തെ റോഡിൽ നിന്നു കെട്ടിടത്തിലേക്കുള്ള അകലം 10 മീറ്ററുമായി ഭേദഗതി വരുത്തിയ രൂപരേഖയ്ക്ക് നഗരാസൂത്രണ വിഭാഗം അനുമതി നൽകിയതോടെ പദ്ധതിക്ക് ജീവൻ വച്ചു.കൂടാതെ കെഎസ്ആർടിസിക്ക് ഇല്ലാതിരുന്ന വിദഗ്ധ സമിതിയെ രൂപീകരിക്കുകയും ചെയ്തു. വളവനാട് ഗാരിജ് പ്രശ്നം അടക്കം പരിഹരിക്കാൻ ഹൗസിങ് ബോർഡുമായി ഗതാഗത, ധനം, റവന്യു വകുപ്പു മന്ത്രിമാരുടെ സംയുക്ത യോഗം നടത്തിയെന്നും എച്ച് സലാം എംഎൽഎ പറഞ്ഞു.

