
101 വീടുകളിൽ മുഹമ്മ പോലീസ് എത്തി; കയ്യിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണകിറ്റുമായി
മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അർഹതപ്പെട്ട 101 വീടുകളിലാണ് കിറ്റ് വിതരണം ചെയ്തത്
ഒന്നും രണ്ടുമല്ല, 101 വീടുകളുടെ മുറ്റത്ത് പോലീസ് എത്തി. പ്രശ്നമൊന്നും ഉണ്ടായിട്ടല്ല, ഈ സന്ദർശനം ആ നാട്ടുകാർക്കുള്ള ഓണസമ്മാനമാണ്. 14 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഓണകിറ്റുമായാണ് മുഹമ്മ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എത്തിയത്. മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ മുഹമ്മ പോലീസ് സ്റ്റേഷൻ പരിധിയുള്ള പ്രദേശങ്ങളിലെ അർഹതപ്പെട്ട 101 വീടുകളിലാണ് മുഹമ്മ സ്റ്റേഷനിലെ ജനമൈത്രി പോലീസ് വിഭാഗം ഓണകിറ്റുകൾ കൈമാറിയത്.
കഴിഞ്ഞ വർഷവും ഓണകിറ്റ് വിതരണം നടത്തിയിരുന്നു. അന്ന് 30 കുടുംബങ്ങൾക്കാണ് നൽകിയത്. പ്രവർത്തനങ്ങൾക്ക് എസ്.എച്ച്.ഒ. ലൈസാദ് മുഹമ്മദ്, സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷ്, മനോജ് കൃഷ്ണൻ, സുനിൽകുമാർ, ഷാജി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അനീഷ് പി., സോം ജിത്ത്, അമൽ എന്നിവർ നേതൃത്വം നൽകി. മറ്റ് സേനാംഗങ്ങളും പങ്കുചേർന്നു.