ചേർത്തല നഗരത്തിൽ ഗതാഗത ക്രമീകരണം

ഓണത്തിരക്ക് പ്രമാണിച്ച് ചേർത്തല നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനം.
സെൻറ് മേരീസ് പാലം ഓണക്കാലത്ത് താൽക്കാലികമായി തുറന്നു നൽകും.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെയുള്ള കച്ചവടത്തിരക്കിൻറെ സമയത്ത് നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ക്രമീകരണങ്ങൾ
ഏർപ്പെടുത്തി.
നടക്കാവ് – മാർക്കറ്റ് റോഡ് വൺവേ ആക്കിയതാണ് പ്രധാന പരിഷ്കാരം. കോട്ടയം അരൂക്കുറ്റി ഭാഗങ്ങളിൽ നിന്നും നടക്കാവ് – മാർക്കറ്റ് ഭാഗത്തേക്ക് വരുന്ന ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ തെക്കോട്ട് വന്ന് സെൻറ് മേരീസ് പാലം വഴിയോ ചേർത്തല ദേവിക്ഷേത്രത്തിൻറെ തെക്ക്, വടക്ക് നടകളിലൂടെയോ വന്ന് പടിഞ്ഞാറേക്ക് പോകേണ്ടതാണ്. ക്ഷേത്രത്തിൻറെ പടിഞ്ഞാറേ നടമുതൽ പടയണിപ്പാലം – നടക്കാവ് – മാർക്കറ്റ് – കമ്പിക്കാൽ ജംഗ്ഷൻ വരെയുള്ള റോഡ് വൺവേ ആയിരിക്കും. പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഈ റോഡിൽ പ്രവേശനം അനുവദിക്കുന്നതല്ല.

കോട്ടയം, അരൂക്കുറ്റി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ അപ്സരക്കവല – മിനിസിവിൽ സ്റ്റേഷൻ – സെൻറ് മേരിസ് പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. നിലവിൽ ഈ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ ഇരുമ്പുപാലം ഭാഗം വഴി ഇടത്തോട്ട് പോകുന്നത് നിരോധിക്കും.

ആലപ്പുഴ – അർത്തുങ്കൽ – കണിച്ചുകുളങ്ങര ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസുകൾ മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കാതെ കമ്പിക്കാൽ ജംഗ്ഷനിൽ നിന്നും യുവർ കോളേജ് വഴി സെൻറ് മേരീസ് പാലം വഴി പ്രൈവറ്റ് സ്റ്റാൻ്റിൽ എത്തണം. ഈ ദിശയിൽ നിന്നുമുള്ള മറ്റ് വാഹനങ്ങളും ഈ വഴി പിന്തുടരണം. തിരികെ പോകുന്ന പ്രൈവറ്റ് ബസുകൾ മാർക്കറ്റിലെ വൺവേ വഴി പടിഞ്ഞാറോട്ട് പോകേണ്ടതാണ്.

പ്രൈവറ്റ് സ്റ്റാൻറിൽ നിന്നും കോട്ടയം അരൂക്കുറ്റി ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകൾ നിലവിൽ പോകുന്നതുപോലെ പടയണിപാലം – ഇരുമ്പ് പാലം ഭാഗം വഴി പോകണം.

ടൌൺ സ്കൂളിന് മുൻവശമുള്ള വൺവേ ഈ ദിവസങ്ങളിൽ താൽക്കാലികമായി ഒഴിവാക്കാനും തീരുമാനിച്ചു.

Top