തിങ്കളാഴ്ചത്തെ കളക്ഷൻ 16 ലക്ഷം രൂപ; റെക്കോഡ് നേട്ടവുമായി KSRTC ആലപ്പുഴ ഡിപ്പോ

09 October 2025
ആലപ്പുഴ പുതിയ ബസുകളൊന്നും കിട്ടിയില്ലെങ്കിലും റെക്കോഡ് നേട്ടത്തിൽ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോ. കഴിഞ്ഞ തിങ്കളാഴ്ച 16.06 ലക്ഷം രൂപയുടെ കളക്ഷൻ നേടിയാണ് ജില്ലയിൽ ഒന്നാമതെത്തിയത്. ലഭിച്ച ടാർജറ്റിനും മുകളിൽ കളക്ഷൻ നേടാൻ ആലപ്പുഴയ്ക്കായി. അപൂർവമായി മാത്രമാണ് 16 ലക്ഷത്തിനുമേൽ ഒരുദിവസം കളക്ഷൻ ലഭിക്കുന്നത്. പഴയ ബസുകൾമാത്രം ഉപയോഗിച്ചാണ് ആലപ്പുഴ ഡിപ്പോ സർവീസ് നടത്തുന്നത്. കെഎസ്ആർടിസി കുറച്ചുദിവസങ്ങൾക്കു മുന്നേ പുതിയ ബസുകൾ നിരത്തിലിറക്കിയിരുന്നു. ആലപ്പുഴയ്ക്ക് നിരാശമാത്രമായിരുന്നു ഫലം. മികച്ച വരുമാനനേട്ടം കൈവരിച്ച സാഹചര്യത്തിൽ ആലപ്പുഴയ്ക്ക് കൂടുതൽ പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
അവഗണന മാത്രം 143 ബസുകളാണ് പുതുതായി കെഎസ്ആർടിസി നിരത്തിലിറക്കിയത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെയുള്ള വിഭാഗത്തിലെ ബസുകളാണ് പുറത്തിറക്കിയത്. കെഎസ്ആർടിസി മുഖം മിനുക്കുന്നതിന്റെ ഭാഗമായാണിത്. കായംകുളം ഡിപ്പോയ്ക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ ബസും ചേർത്തല ഡിപ്പോയ്ക്ക് ലിങ്ക് ബസും അനുവദിച്ചു. ജില്ലാ കേന്ദ്രമായ ആലപ്പുഴയ്ക്ക് ഒരു ബസ് പോലും അനുവദിച്ചില്ല. അതിനാൽ ഓണനാളുകളിൽ പ്രത്യേക സർവീസ് നടത്താൻ ആലപ്പുഴയ്ക്കായില്ല. അയൽ സംസ്ഥാനങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് ആവശ്യത്തിനു ബസില്ല. നാളുകളായി ഉത്സവനാളുകളിൽ യാത്രക്കാർ പ്രത്യേക സർവീസ് ആവശ്യപ്പെടാറുണ്ടെങ്കിലും ആലപ്പുഴയുടെ ആവശ്യം അധികൃതർ ഗൗരവത്തിലെടുക്കാറില്ല. അവധിക്കാലത്ത് ആലപ്പുഴ ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ യാത്രചെയ്യണമെങ്കിൽ കൊള്ളനിരക്ക് നൽകണം. ഉത്സവ സീസണിൽ ട്രെയിൻ ടിക്കറ്റ് നാളുകൾക്കുമുന്നേ ബുക്കിങ് പൂർത്തിയാകും.
ആകെയുള്ളത് സ്വകാര്യ ബസുകളാണെന്നതിനാൽ മറ്റുമാർഗമില്ലാതെ വലിയ നിരക്ക് നൽകി യാത്രചെയ്യാൻ ആളുകൾ നിർബന്ധിതരാകും. അന്തസ്സംസ്ഥാന കെഎസ്ആർടിസി ബസ് സർവീസ് ജില്ലാ ആസ്ഥാന ഡിപ്പോയായ ആലപ്പുഴയിൽനിന്ന് തുടങ്ങണമെന്ന ആവശ്യം നാളുകളായുണ്ട്.
ഏറ്റവുമധികം യാത്രക്കാരുള്ള ബെംഗളൂരുവിൽനിന്ന് ആലപ്പുഴയിലേക്കും തിരിച്ചും ഒരു സർവീസ് പോലും ഇവിടെയില്ല. ചെന്നൈയിൽനിന്നും ഇതാണ് അവസ്ഥ. 2016-വരെ ആലപ്പുഴയിൽനിന്ന് ബെംഗളൂരു സർവീസ് ഉണ്ടായിരുന്നു.

Top