നാടൻ പശുക്കളെ സ്നേഹിച്ചും പരിപാലിച്ചും യുവാക്കൾക്ക് മാതൃകയാകുന്ന ജീമോൻ തമ്പുരാൻ പറമ്പ്
മുഹമ്മ കരയോഗം ജംക്ഷനിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുകയാണ് ജീമോൻ. അച്ഛൻ ചന്ദ്രാംഗദൻ വൈദ്യർയ്ക്ക് ചികിത്സ യോടൊപ്പം കൃഷിയും ഒരു ജീവിതചര്യയായിരുന്നു. തമ്പുരാൻപറമ്പിൽ വീട്ടിൽ നിന്നും കുഞ്ഞുനാൾ മുതൽ കണ്ടു വളർന്ന ഈ കൃഷിക്കാഴ്ചകളാണ് ജീമോനെയും ഒരു കർഷകനാക്കിയത്.
പത്തു വർഷങ്ങൾക്ക് മുമ്പ് ഒരു വെച്ചൂർ പശുക്കിടാവിനെ വാങ്ങിയാണ് കൃഷിക്കു തുടക്കം കുറിച്ചത്. ഇപ്പോൾ കാസർഗോഡ് കുള്ളനും വെച്ചൂരിന്റെ രണ്ട് കിടാങ്ങളുമടക്കം 5 പശുക്കളുണ്ട്. വളർത്താൻ ഏറെ സൗകര്യപ്രദമാണ് ഈ ഇനം പശുക്കളെന്നും പൊതുവെ ശാന്ത സ്വഭാവമുള്ളരാണെന്നുമാണ് ജീമോൻ പറയുന്നത് .
രണ്ടു കറവപ്പശുക്കളാണ് ഇപ്പോൾ ഇവിടെയുള്ളത് ദിവസേന നാലു ലിറ്ററോളം പാൽ ലഭിക്കും പാൽ പുറത്തു കൊടുക്കാറില്ല. പാലും പാലുല്പങ്ങളുമായി ഇവരുടെ രണ്ടു വീടുകളിലുമായി ഉപയോഗിക്കുന്നു .വെച്ചൂർ പശുവിന്റെ പാലിന് 150 രൂപ മുതൽ 200 രൂപ വരെയും നെയ്യ്ക്ക് കിലോയ്ക്ക് 4000 രൂപ വരെയും മാർക്കറ്റിൽ വില ലഭിക്കുമെന്നും നല്ല രോഗപ്രതിരോധശേഷിയും വളരെ പോഷക ഗുണങ്ങളും നൽകുന്നതുകൊണ്ടാണ് പാലിനും നെയ്യ്ക്കും ഇത്രയും വില ലഭിക്കുന്നതെന്നും ജിമോൻ പറയുന്നു. അതോടൊപ്പം ഗോമൂത്രവും ചാണകവും കൃഷിക്കും ഏറെവിലപ്പെട്ടതാണ് .മനുഷ്യനോട് കൂടുതൽ അടുക്കുന്നവരാണ് വെച്ചൂർ പശുക്കൾ. വെച്ചൂർ പശുക്കിടാവിന് 50000 രൂപയും പശുവിന് 100000 രൂപ വരെയും വിലയുണ്ട്. കൂടാതെ മലബാറി ആടും നാടൻ കോഴിയും കുട്ടനാടൻ താറാവും പൂച്ചകളും ഇവിടം സജീവമാക്കുന്നു . വരാൽ ,കാരി, ചെമ്പല്ലി തുടങ്ങിയ നാടൻ മത്സ്യയിനങ്ങളും കുളത്തിലെ നിറസാന്നിദ്ധ്യമാണ് .നാടൻ കോഴികളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമായി ഇൻക്യുബിലേറ്റർ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്നും പറയുന്നു.
മുഹമ്മ 10-ാം വാർഡിലെ പൊന്നാട് പെസാക്ക് വായനശാലയ്ക്കടുത്ത് ഒരേക്കർ വരുന്ന തമ്പുരാൻ പറമ്പ് വീട്ടുപുരയിടത്തിൽ ഒരിടത്തും പുല്ലുപിടിച്ചു കാണാറില്ല. ഇവിടെ എല്ലായിടവും കൃഷി പരിപാലനവുമായി വൈദ്യർ എപ്പോഴും പുരയിടത്തിൽ തലേക്കെട്ടുമായി ഉണ്ടാകും. മരുന്നു വാങ്ങാൻ ആരെങ്കിലും എത്തിയാൽ കൈകഴുകി മരുന്നു നൽകി വീണ്ടും കൃഷിയിടത്തിലേയ്ക്കു വരും .ഇവിടെ വർഷത്തിൽ എല്ലാക്കാലത്തും കപ്പയുണ്ടാകും പറിച്ചെടുക്കുന്ന കപ്പ തണ്ടുകൾ അപ്പോൾ തന്നെ നടും .ചേമ്പും ചേനയും പാവലും പയറും കാച്ചിലും നന കിഴങ്ങുംതുടങ്ങിയ കൃഷികൾ തൊടിയുടെ അഴകും ധന്യതയുമാണ് .ഇതു കൂടാതെ പെരുത്തുരുത്തു വടക്കേക്കരിയിൽ നെൽകൃഷിയുമുണ്ട് .
മുഹമ്മ കരയോഗം ജംക്ഷനിൽ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ജീമോൻ കൃഷിയിടത്തിൽ വെള്ള വസ്ത്രവുമായി കൃഷിയിൽഎർപ്പെട്ടിരിക്കുന്ന വൈദ്യരെ സഹായിക്കാൻ എപ്പോഴുമുണ്ടാകും. മാരാരിക്കുളം ഗാന്ധി സ്മാരക നാടൻ പശു സംരക്ഷണ സമിതി അംഗമായ ജീമോൻ അവിടുന്നു കിട്ടിയ കൃഷി-ആരോഗ്യ അറിവുകളും സ്വായത്തമാക്കിയാണ് കൃഷി പരിപാലനവുമായി മുന്നോട്ട് പോകുന്നത്. അമ്മ രമാഭായിയും ഭാര്യ നഗരസഭാജീവനക്കാരി അഞ്ജലിയും സഹായത്തിന് ഒപ്പമുണ്ട്. മകൻ ആകർഷ് ,അർഷിത .
രഘുവരൻ പുത്തൻപുര, മുരളി കൊടുവാച്ചിറ ,അഡ്വ കണ്ണൻ ഒതളശ്ശേരി ,സുരേഷ് കളേർസ് സ്റ്റുഡിയോ ഇവരോടൊപ്പം കാവുങ്കൽ സ്വദേശികളായ ചെറുപ്പോട്ട് CK ശശി, ഡോ: O.S സിജി, ആറാശി പറമ്പിൽ പ്രസന്നബാബു തുടങ്ങി നിരവധി പേരാണ് വെച്ചൂർ പശുവിന്റെ മേന്മകൾ തിരിച്ചറിഞ്ഞ് ഈ ഇനം പശു വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്.
(കടപ്പാട് സഹജൻ)
ഗാന്ധിസ്മാരകത്തിന്റെ 2025 ലെ ഗോപശ്രീ പുരസ്കാരം ജീമോൻ തമ്പുരാൻ പറമ്പിലിന്
നാടൻ പശുക്കളുടെ സംരക്ഷകനും യുവ ജൈവകർഷകം എന്ന നിലയിലാണ് അംഗികാരം

