പോളകയറി സ്രായിത്തോട്, നാട്ടുകാർ ദുരിതത്തിൽ
സഹജൻ മുഹമ്മ
മുഹമ്മ ഒമ്പത്, പത്ത് വാർഡുകൾ അതിരിടുന്ന സ്രായിത്തോട്ടിൽ പോളയും മാലിന്യവും നിറഞ്ഞതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
ഗതാഗതം തടസപ്പെട്ടതോടെ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കക്ക, മത്സ്യത്തൊഴിലാളികൾ. പെരുന്തുരുത്ത് വടക്കേ കരിയിൽ തുടങ്ങി വേമ്പനാട് കായൽ വരെ നീളുന്ന ഈ തോടിന് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. തോടിന്റെ ഇരുകരകളും കരിങ്കൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ, കുംഭം, മീന മാസങ്ങളിൽ കായലിൽ വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് ശക്തമായി കാറ്റ് വീശുന്നത് കാരണം പോളപ്പായലുകൾ പടിഞ്ഞാറുഭാഗത്തും അവിടെയുള്ല തോടുകളിലും വന്നടിയുക പതിവാണ്. ഇതോടെ ഹൗസ് ബോട്ടുകൾക്കും യാത്രാ ബോട്ടുകൾക്കും കായൽ തൊഴിലാളികൾക്കും ദുരിതമായി മാറും.
കുംഭമാസ ആരംഭത്തിൽ തന്നെ, മത്സ്യത്തൊഴിലാളികൾ തോടിന്റെ തുടക്കത്തിൽ പോളപ്പായലിന്റെ ഒഴുക്ക് തടയാൻ മുളകൊണ്ട് സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും സംരക്ഷണ സംവിധാനം തകർന്നതോടെ പോളപ്പായൽ തോട്ടിൽ അടിയുകയായിരുന്നു.
കക്ക തൊഴിലാളികൾക്ക് തടസം
1.തോട്ടിൽ പോളപ്പായൽ നിറഞ്ഞതോടെ കക്ക തൊഴിലാളികൾക്ക് ഏറെ പണിപ്പെട്ട് വേണം ജോലിക്ക് പോകാൻ. എത്തിയാൽ തന്നെ ശേഖരിക്കുന്ന കക്ക തോട്ടിലൂടെ വളരെ പ്രയാസപ്പെട്ട് വേണം കക്കാപുരയിലെത്തിച്ച് ഇറച്ചി വേർതിരിച്ചെടുക്കാൻ. കക്ക പുഴുങ്ങാൻ ധാരാളം വെള്ലവും ആവശ്യമാണ്. എന്നാൽ, തോട് മലിനമായതോടെ അതും ബുദ്ധിമുട്ടിലാണ്.
2.പോളപ്പായൽ കാരണം മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. കായലിൽ വലയെറിഞ്ഞാൽ പായലിൽ കുടുങ്ങി വല ചുരുണ്ടുപോകുന്നു. ഇതുകാരണം, പല ദിവസങ്ങളിലും ഒന്നും കിട്ടാറില്ലെന്ന് അവർ പറയുന്നു
3.പെരുന്തുരുത്ത് പാടത്ത് നെൽകൃഷിക്ക് വെളും കയറ്റിറക്കുന്നതിനും പോളപ്പായൽ തടസമാകുന്നുണ്ട്. ചെളിയും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞ് തോട് നികന്നും കൊണ്ടിരിക്കുകയാണ്.
4, പായൽ നീക്കം ചെയ്യാൻ ആധുനിക യന്ത്രങ്ങൾ ലഭ്യമാണ്. അത് ഉപയോഗിച്ച് നാലോ, അഞ്ചോ വർഷം കൃത്യമായി പായൽ വാരി നശിപ്പിച്ചാൽ കാലുകൾക്ക് ശാപമോക്ഷമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്

