പ്രതാപം നഷ്ടപ്പെട്ട് കയറിന്റെ നാട്
ആലപ്പുഴ ഒരുകാലത്ത് കയറിന്റെ നാട് എന്നറിയപ്പെട്ട മുഹമ്മ ഭാഗങ്ങൾ നിലനിൽപ്പിനായുള പോരാട്ടത്തിലാണ്. ആഗോള അംഗീകാരം നേടിയ കയർ ഉൽപ്പന്നങ്ങൾ മുഹമ്മയുടെ സമ്പദ്ഘടനയെ ചൈതന്യവത്തും ചലനാത്മകവുമാക്കിയിരുന്ന കാലം സ്വപ്നമായി മാറി. നൂറ്റാണ്ടുകളായി മുഹമ്മയിലെ ഏറ്റവും വലിയ തൊഴിൽമേഖലയായിരുന്നു കയർ വ്യവസായം.
പത്ത് വീടുകൾ എടുത്താൽ ഒന്നിലെങ്കിലും ചെറുകിട കയർ ഫാക്ടറി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഉടമകൾക്ക് മാത്രമല്ല, തൊഴിലാളികൾക്കും സ്ഥിരവരുമാനം ഉറപ്പാക്കിയ മേഖലയായിരുന്നു ഇത്. എന്നാൽ 1990ന് ശേഷം പരമ്പരാഗത ചെറുകിട കയർ ഫാക്ടറികൾക്ക് കഷ്ടകാലം തുടങ്ങി. കേരളത്തിൽ 700 പ്രാഥമിക കയർ വ്യവസായ സഹകരണ സംഘങ്ങളും നൂറോളം മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സംഘങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിൽ നല്ലൊരു പങ്കും ചേർത്തലയിലാണ്. തൊണ്ണൂറിലധികം ചെറുകിട ഉൽപ്പാദക സംഘങ്ങൾ ഇപ്പോൾ ഗുരുതരസാമ്പത്തിക പ്രതിസന്ധിയിലാണ്.

ചകിരികിട്ടാനില്ല
ചകിരിയുടെ ലഭ്യതക്കുറവും പ്രവർത്തന മൂലധനത്തിന്റെ അഭാവവും ഓർഡറുകളുടെ ക്ഷാമവും സംഘങ്ങളെ പ്രതിസന്ധിയിലാക്കി.
ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ് പല സഹകരണ സംഘങ്ങളും
ചെറുകിട ഉൽപ്പാദകർക്ക് ആവശ്യമായ ഓർഡറുകൾ ലഭിക്കാത്തതിനാൽ തറികളുടെ പ്രവർത്തനം നിലച്ചു
കയർ വ്യവസായത്തിന്റെ ഒരു പങ്ക് തമിഴ്നാട്ടിലേക്കു മാറുന്നതും ആശങ്കയുണർത്തുന്നു

