പ്ലാസ്റ്റിക് മാലിന്യം ഇനി വാഹനത്തിന് ഇന്ധനമാകും; പ്ലാസ്റ്റിക്കിൽനിന്ന് ഡീസലെടുക്കാൻ മുഹമ്മ

പ്ലാസ്റ്റിക്കിന്റെ 30-40 ശതമാനമാണ് ഡീസലായി മാറുക. അത് ശുദ്ധീകരിച്ച് വാഹനങ്ങളിലുൾപ്പെടെ ഉപയോഗിക്കും.
പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഡീസൽ ഉത്പാദിപ്പിക്കാൻ
തയ്യാറെടുക്കുകയാണ് മുഹമ്മ ഗ്രാമപ്പഞ്ചായത്ത്. സ്വകാര്യ കമ്പനിയുടെ സഹായത്തോടെ പരീക്ഷണപദ്ധതിയായാണ് മുഹമ്മയിൽ ഇത് നടപ്പാക്കുക. പ്ലാന്റിന് മുതൽമുടക്കുന്നത് കമ്പനിയാണ്. എട്ടുലക്ഷം രൂപയോളം ഇതിന് വേണ്ടിവരും.
ഒരു ദിവസം രണ്ടുടൺ പ്ലാസ്റ്റിക്കിൽനിന്ന് ഡീസലും ഇന്റർലോക്ക് ഇഷ്ടികയും തറയോടും നിർമിക്കുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക്കിന്റെ 30-40 ശതമാനമാണ് ഡീസലായി മാറുക. അത് ശുദ്ധീകരിച്ച് വാഹനങ്ങളിലുൾപ്പെടെ ഉപയോഗിക്കും.
ഇതിനായി രുദ്ര എന്ന സ്വകാര്യ കമ്പനിയുമായി ചർച്ച നടന്നു. പ്ലാന്റ് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. അതോടെ രാജ്യം കൗതുകത്തോടെ നോക്കുന്ന ഗ്രാമപ്പഞ്ചായത്തായി മുഹമ്മ മാറും.
മുഹമ്മ കൂടാതെ സമീപ പഞ്ചായത്തുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കും. ചേർത്തല മേഖലയിലെ കടകളിൽനിന്നുള്ള തെർമോക്കോളും ശേഖരിക്കും. ഓരോ കേന്ദ്രത്തിലും ഇവയ്ക്കായി പാത്രം സ്ഥാപിക്കും. തെർമോക്കോൾ ദ്രവരൂപത്തിലാക്കിയാണ് പ്ലാന്റിലേക്ക് കൊണ്ടുപോവുക. പ്ലാസ്റ്റിക്കിനേക്കാൾ കൂടുതൽ ഡീസൽ തെർമോക്കോളിൽനിന്ന് ലഭിക്കുമെന്നാണ് പറയുന്നത്.
മാലിന്യസംസ്കരണത്തിന് ആധുനികസംവിധാനം പരിചയപ്പെടുത്താനുള്ള പഞ്ചായത്തിന്റെ ശ്രമം മാതൃകാപരമാണെന്ന് ജില്ലാ എൻവയോൺമെന്റ് എൻജിനീയർ ബി.ബിജു പറഞ്ഞു. മുഹമ്മ മാതൃകയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കാൻ സംരംഭകർ കേരളത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തലമുറയ്ക്ക് മാതൃക
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ പുതിയ തലമുറയ്ക്ക് മുമ്പിൽ അവതരിപ്പിച്ച് പ്രചോദനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷത്തിലേക്ക് കാർബൺ വരാത്ത പ്ലാന്റാണ്. ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയുണ്ട്.

Top