വാരിയെല്ലുകൾ ഒടിഞ്ഞു, തോളിലും പിൻഭാഗത്തും ക്ഷതം; ജ്വല്ലറി ഉടമയുടെ മരണത്തിൽ ദുരൂഹത

05 March 2025
മുഹമ്മയിലെ ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിലെ ദുരൂഹത വർദ്ധിപ്പിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷം ഉള്ളിൽചെന്നാണ് മരണം സംഭവിച്ചതെന്നും ശരീരത്തിൽ പലയിടങ്ങളിലായി പരിക്കേറ്റിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാധാകൃഷ്ണന്റെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലാണെന്നും ഇടത്തെ കാൽമുട്ടിന് താഴെ പരിക്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ പരിക്കുകളുണ്ടായത് മരണത്തിന് 24 മണിക്കൂർ മുമ്പാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് രാധാകൃഷ്ണൻ മരിച്ചത്. തൊടുപുഴ സ്വദേശിയായ മോഷ്ടാവ് ശെൽവരാജ് പെരിന്തൽമണ്ണയിൽനിന്ന് കവർന്ന 21 പവൻ സ്വർണം രാധാകൃഷ്ണന്റെ മുഹമ്മയിലുള്ള രാജി ജ്വല്ലറിയിലാണ് വിറ്റത്. ഇത് കണ്ടെത്തുന്നതിനായി കടത്തുരുത്തി പോലീസ് ശെൽവരാജുമായി ജ്വല്ലറിയിൽ എത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ജ്വല്ലറി അടഞ്ഞുകിടക്കുകയായിരുന്നു. രാധാകൃഷ്ണനെയും മകനെയും വിളിപ്പിച്ച് തെളിവെടുക്കുന്നതിനിടെ ജ്വല്ലറിയിൽ സുക്ഷിച്ചിരുന്ന വിഷമെടുത്ത് രാധാകൃഷ്ണൻ കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടൻ പോലീസ് വാഹനത്തിൽ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പോലീസ് ഭാഷ്യത്തിന് വിരുദ്ധമായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രാധാകൃഷ്ണന്റെ ശരീരത്തിന്റെ പിൻഭാഗത്തും തോളുകളിലും ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ലുകളിൽ മൂന്നും നാലും വീതം ഒടിഞ്ഞുനുറുങ്ങിയിട്ടുണ്ട്. സി.പി.ആർ നൽകിയപ്പോൾ വാരിയെല്ലുകൾക്ക് പരിക്കേറ്റതാകാമെന്ന സംശയവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
നേരത്തെ രാധാകൃഷ്ണന്റെ മകൻ പോലീസിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. പോലീസ് കസ്റ്റഡയിൽ രാധാകൃഷ്ണന് മർദ്ദനം ഏറ്റിരുന്നുവെന്നും ഇതിലെ മനോവിഷമം താങ്ങാനാകാതെ ജീവനൊടുക്കിയതാണെന്നും മകൻ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

Top