സത്യനും നസീറും മുതൽ ഷാരൂഖ് ഖാൻ വരെയെത്തിയ ഇടം; പാലത്തിനു മധ്യഭാഗത്ത് കനാൽ കാഴ്ച, പുതിയ നാൽപ്പാലം ഉദ്ഘാടനം ഇന്ന്

15 October 2025
ആലപ്പുഴയുടെ കീർത്തി അങ്ങ് ബോളിവുഡ് വരെയെത്തിച്ച്, ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായ പഴയ മുപ്പാലത്തിന് ഇനി നാൽപ്പാലപ്പെരുമ. ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലം, നാൽപ്പാലത്തിലേക്കു വഴിമാറുന്നു. വാണിജ്യ കനാലിനും വാടക്കനാലിനും കുറുകേ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതായിരുന്നു പഴയ മൂന്നുപാലങ്ങൾ.
വാണിജ്യ കനാലും വാടക്കനാലും ഉപ്പൂറ്റി കനാലും വഴി
തുറമുഖത്തേക്കെത്തിയിരുന്ന ചരക്കുകൾ മുപ്പാലത്തിനു സമീപമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. വാണിജ്യരംഗത്ത് ആലപ്പുഴ തുറമുഖം മങ്ങിയെങ്കിലും മുപ്പാലം ബോളിവുഡ് വരെ എത്തി. സിനിമ ചിത്രീകരണങ്ങൾക്കും പ്രീ- വെഡിങ് ചിത്രീകരണത്തിലുമെല്ലാം മുപ്പാലം നിറഞ്ഞു.
നഗരത്തിന്റെ പൈതൃകം പ്രകടമാക്കി മരങ്ങളുടെ തണലിൽ ഇടകലർന്നു കനാലുകൾക്കു കുറുകേയുള്ള പാലങ്ങൾ അതിമനോഹരമായിരുന്നു. അതുകൊണ്ടുതന്നെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നൂറിൽപ്പരം സിനിമകളിൽ മുപ്പാലം ഇടംപിടിച്ചു.


പണിതുടങ്ങിയത് കോവിഡ് കാലത്ത്
മുൻ സർക്കാരിന്റെ കാലത്ത് ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോഴാണ് മുപ്പാലം പൊളിച്ചുപണിയാൻ തുടങ്ങിയത്. പഴയ പാലങ്ങൾക്ക് ബലക്ഷയം സംഭവിച്ചതോടെയായിരുന്നിത്. 2020ലാണ് പാലം പൊളിച്ച് പുതിയ നിർമാണത്തിനു തുടക്കമിട്ടത്.
പാലത്തിന്റെ കിഴക്കു തെക്കുവടക്കായി എസ്പി ഓഫീസിന്റെ മുന്നിൽനിന്ന് സീവ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം കൂടിച്ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായി മാറിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനൊപ്പം ചരക്കുനീക്കവും വിനോദസഞ്ചാരത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനും ഉദ്ദേശിച്ചാണിത്.


ആദ്യചിത്രം ക്രോസ്ബെൽറ്റ്
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് മുപ്പാലം. മലയാളത്തിൽനിന്ന് സത്യൻ മുതൽ പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഫഹദ് ഫാസിൽ വരെയുള്ള അഭിനേതാക്കളും മറ്റുഭാഷകളിൽ ഷാരൂഖ് ഖാൻ, രജനീകാന്ത്, അല്ലു അർജുൻ, രവി തേജ, കിച്ചാ സുദീപ്, സിദ്ധാർഥ്, ഹൻസിക, ശാലിനി എന്നിവർ അഭിനയിച്ച ചിത്രങ്ങൾക്കും മുപ്പാലം വേദിയായി. 1970-ൽ സത്യൻ ചിത്രമായ ക്രോസ്ബെൽറ്റിലാണ് മുപ്പാലം ആദ്യമായി ചിത്രീകരിക്കപ്പെട്ടത്.
അനിയത്തിപ്രാവ്, ഷാർജ ടു ഷാർജ, മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ, തലപ്പാവ്, റാംജിറാവ് സ്പീക്കിങ്, ബൈ ദ് പിപ്പീൾ, ഓഫ് ദ് പീപ്പിൾ, ദിൽസേ, പപ്പയുടെ സ്വന്തം അപ്പൂസ് തുടങ്ങി പല ചിത്രങ്ങൾക്കും ലൊക്കേഷനായിട്ടുണ്ട്. ഫാസിൽ, ഉദയ ചിത്രങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ലൊക്കേഷനാണിത്.


മനോഹരമായസ്ഥലം
ഗാനചിത്രീകരണങ്ങൾക്കാണ് ഇവിടം ഏറെ ഉപയോഗിക്കപ്പെട്ടത്. കനാലും ഗ്രാമീണതയും ചേർന്ന അന്തരീക്ഷമാണ് എല്ലാവരെയും ആകർഷിച്ചത്. എ. കബീർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നാൽപ്പാലം 23 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള മൂന്നുപാലങ്ങൾ
26 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പുതിയ പാലം
കിഴക്കേക്കരയിൽ തെക്കു-വടക്കായി 17.82 കോടി രൂപയാണ് നിർമാണച്ചെലവ്
നടപ്പാതയിൽ ടൈൽ, വൈദ്യുതിവിളക്കുകൾ പാലത്തിനു മധ്യഭാഗത്തായി ഓവൽ മാതൃകയിൽ കനാൽ കാഴ്ചകാണാം

Top