സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി മുഹമ്മയിൽ സി.പി.എമ്മിൽ കലഹം
സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച് ലോക്കൽ കമ്മിറ്റി അംഗം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. മുഹമ്മ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും മുതിർന്ന സി.പി.എം. നേതാവും മുഹമ്മ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന അന്തരിച്ച സി.കെ ഭാസ്കരന്റെ മകൻ സി.ബി ഷാജികുമാറാണ് രാജിവച്ചത്.
കഴിഞ്ഞദിവസം ഏരിയ കമ്മറ്റി യോഗം ചേർന്ന് അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക ഇന്നലെ വിളിച്ചുകൂട്ടിയ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചപ്പോഴാണ് ഷാജികുമാർ പ്രതിഷേധം ഉയർത്തിയത്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചുവെന്ന് ആരോപിച്ച ഷാജികുമാർ എഴുതി തയ്യാറാക്കി കൊണ്ടുവന്ന രാജിക്കത്ത് നേതൃത്വത്തെ ഏൽപിച്ചു. പിന്നീട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ലോക്കൽ കമ്മിറ്റി അംഗത്വവും സി.പി.എം അംഗത്വവും ഷാജികുമാർ രാജിവച്ചു. 45 വർഷത്തിലേറെയായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ഷാജികുമാർ സി.പി.എം റേഷൻ വ്യാപാരി സംഘടനയുടെ ഭാരവാഹിയും മുൻ പഞ്ചായത്ത് അംഗവുമാണ്.
അതേസമയം ഷാജികുമാറിന്റെ ആരോപണം തെറ്റാണെന്ന് പാർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. സി.പി.എം വിശദമായി പരിശോധിച്ച് അംഗീകരിച്ച സ്ഥാനാർത്ഥികൾ തന്നെയാണ് മത്സരിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിദശീകരണം

