ഒരേസമയം 200 ഓളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ആംഫി തീയേറ്ററിന്റെ നിർമ്മാണം

പാതിരാമണലിലേക്ക് ലോകമെമ്പാടുനിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്ന തരത്തിൽ പുതിയൊരു പദ്ധതി രൂപീകരിച്ചിരിക്കുന്നു. ജലഗതാഗത വകുപ്പിന്റെ പുതിയ ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരിയുടെ ഭാഗമായാണ് വ്യത്യസ്തമായ ആംഫി തീയേറ്ററും അനുബന്ധ സൗകര്യങ്ങളും മുഹമ്മ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് പാതിരാമണൽ ദ്വീപിൽ സാക്ഷത്കരിച്ചിരിക്കുന്നത്.

ഗൾഫ് രാജ്യങ്ങളിലെ അറേബ്യൻ ഡെസേർട്ട് സഫാരി മാതൃകയിലാണ് കുട്ടനാടൻ ബോട്ട് സഫാരി തുടങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്തോടെ പുല്ലും മുളയും കൊണ്ടാണ് ആംഫി തിയേറ്ററിന്റെ നിർമ്മാണം.

കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികൾ ഓരോ ദിവസവും പാതിരാമണലിലെ ആംഫി തീയേറ്ററിൽ ഉണ്ടാകും. ഗരുഡൻ പയറ്റും കളരിയും തുടങ്ങി തനത് കലകൾ കാണുന്നതിനൊപ്പം കുടുംബശ്രീ കഫെയിലെ ലഘു ഭക്ഷണങ്ങളും ആസ്വദിക്കാം. ഒരേസമയം 200 ഓളം ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന രീതിയിലാണ് ആംഫി തീയേറ്ററിന്റെ നിർമ്മാണം.

സ്വകാര്യ ചടങ്ങുകൾക്കും ഈ സൗകര്യം മുൻ‌കൂർ അനുമതിയോടെ പ്രയോജനപ്പെടുത്താം. ജലഗതാഗത വകുപ്പിന്റെ പുതിയ സൗര 1 സോളാർ ബോട്ടാണ് കുട്ടനാട് സഫാരിയുടെ ഭാഗമാവുക,

ഓല മെടയുന്നതും കയർ പിരിക്കുന്നതും അടക്കം ആലപ്പുഴയുടെ പ്രൌഡി വിളിച്ചോതുന്ന പഴയ കാഴ്ചകളിൽ തുടങ്ങി തനതു കലകൾ അടുത്തറിഞ്ഞ് നാടൻ ഭക്ഷണം ആസ്വദിച്ച് ആലപ്പുഴയുടെ സൗന്ദര്യത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യം.

പാതിരാമണൽ ദ്വീപിൽ നടന്ന ചടങ്ങിൽ മന്ത്രി കെ ബി ഗണേഷ്‌കുമാർ ആണ് വിപുലമായ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. മന്ത്രി പി പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ ആലപ്പുഴ എംപി കെ സി വേണുഗോപാൽ മുഖ്യാതിഥി ആയി. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ചടങ്ങിൽ ഉപഹാരസമർപ്പണം നടത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഇപ്റ്റയുടെ നാടൻ പാട്ടും ആംഫി തീയേറ്ററിൽ അരങ്ങേറി. മാർച്ച് മാസം മുതൽ ദിവസേന കലാ പരിപാടികളും ഇവിടെ അരങ്ങേറും.

Top