മണലിൽ വിരിയുന്ന അക്ഷരങ്ങൾ: 85-ാം വയസ്സിലും കുട്ടികൾക്ക് നിലത്തെഴുത്ത് പഠിപ്പിച്ച് ഇന്ദിരാമ്മ
ഡിജിറ്റൽ ക്ലാസ് മുറികളും സ്മാർട്ട് ബോർഡുകളും വിദ്യാഭ്യാസരംഗം കീഴടക്കിയ കാലത്തും, ആലപ്പുഴയിൽ ഒരു സ്കൂളിന്റെ തിണ്ണയിൽ ഇന്നും വിരലുകൾ മണലിൽ അക്ഷരങ്ങൾ വിരിയുന്നു. മലയാളിയുടെ പഴമയാർന്ന ആശാൻകളരി പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പകർന്നുനൽകുകയാണ് 85-കാരിയായ ആശാട്ടി ഇന്ദിരാമ്മ.
ആലപ്പുഴ നഗരത്തിലെ ടെംബിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിൽ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതൽ 12 വരെ കുഞ്ഞുങ്ങളുടെ വിരൽത്തുമ്പുകൾ പിടിച്ച് മലയാളവും ഇംഗ്ലീഷും അക്കങ്ങളും മണലിൽ എഴുതിപ്പഠിപ്പിക്കുകയാണ് ഇന്ദിരാമ്മ. അക്ഷരങ്ങൾ മനസ്സിലേക്കും മനസ്സിൽ നിന്ന് ജീവിതത്തിലേക്കും പതിയുന്ന ആ പഴയ പഠനരീതി ഇന്നും അതേ സ്നേഹത്തോടെയാണ് അവർ തുടരുന്നത്.
ഒരുകാലത്ത് സ്വന്തം വീട്ടുമുറ്റത്ത് ഒരു കുട്ടിക്ക് അഞ്ച് രൂപ ഫീസ് വാങ്ങി അക്ഷരം പഠിപ്പിച്ചിരുന്ന ഇന്ദിരാമ്മയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. കയർ ഫാക്ടറിയിൽ തൊഴിലാളിയായിരുന്ന ഭർത്താവ് വിശ്വനാഥനോടൊപ്പം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം. ഭർത്താവിന്റെ വേർപാടിന് ശേഷവും അക്ഷരവിളക്ക് കെടുത്താതെ അവർ മുന്നോട്ടുപോയി.
പത്ത് വർഷം മുമ്പ്, ആശാൻകളരി പാരമ്പര്യം നിലനിർത്തണമെന്ന ലക്ഷ്യത്തോടെ സ്കൂൾ കോർഡിനേറ്റർ സൗമ്യ രാജ് ഇന്ദിരാമ്മയെ സ്കൂളിലേക്ക് ക്ഷണിച്ചു. അന്ന് തുടങ്ങിയ യാത്ര ഇന്നും മുടക്കമില്ലാതെ തുടരുകയാണ്. അഞ്ചു രൂപ ഫീസ് പോലും കിട്ടാൻ പ്രയാസപ്പെട്ടിരുന്ന കാലത്ത് നിന്ന്, ഇന്ന് മാസശമ്പളത്തോടെ ആദരിക്കപ്പെടുന്ന അധ്യാപികയായി ഇന്ദിരാമ്മ മാറിയിരിക്കുന്നു.
അക്ഷരങ്ങൾ പഠിപ്പിക്കുക മാത്രമല്ല, ഒരു സംസ്കാരത്തെയും പാരമ്പര്യത്തെയും പുതുതലമുറയുടെ ഹൃദയത്തിലേക്ക് കൈമാറുകയാണ് ഈ ആശാട്ടി. സാങ്കേതികവിദ്യ എത്ര വളർന്നാലും, മണലിൽ ആദ്യാക്ഷരം കുറിച്ച ആ വിരൽത്തുമ്പുകളുടെ ഓർമയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന് ഇന്ദിരാമ്മയുടെ ജീവിതം നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.
അക്ഷരങ്ങളുടെ സുഗന്ധം ഇന്നും മണലിൽ നിലനിൽക്കുന്ന ആ സ്കൂൾ, വിദ്യാഭ്യാസത്തിന്റെ ആധുനിക മുഖത്തിനൊപ്പം പാരമ്പര്യത്തിന്റെ ആത്മാവും ചേർത്തുപിടിക്കുന്ന അപൂർവ മാതൃകയായി മാറിയിരിക്കുകയാണ്.







