ചേർത്തലയിലും തണ്ണീർമുക്കത്തും ജപ്പാൻ ജ്വരം , പ്രതിരോധപ്രവർത്തനം നാടെങ്ങും വ്യാപിപ്പിക്കും

15 May 2026
ചേർത്തല നഗരത്തിലും തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിലും ജപ്പാൻജ്വരം റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം എല്ലായിടത്തേക്കും വ്യാപിപ്പിക്കും. നിയുക്ത എം.എൽ.എ. പി. പ്രസാദ് വിളിച്ചുചേർത്ത യോഗത്തിലാണ് മണ്ഡലത്തിലെ എല്ലാ പ്രദേശത്തും പ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. ചേർത്തല നഗരസഭ 23-ാം വാർഡിൽ വയോധികയ്ക്കും തണ്ണീർമുക്കം 20-ാം വാർഡിൽ നാലര വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുവരും അപകടനില തരണംചെയ്തു. രോഗം വ്യാപിക്കാൻ സാധ്യതകണ്ടാണ് പ്രതിരോധം. നിലവിൽ രോഗബാധയുണ്ടായ പ്രദേശങ്ങളിൽ കൊതുകുനാശനവും ബോധവത്കരണവും നടത്തി. 17 മുതൽ 19 വരെ മണ്ഡലത്തിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണയജ്ഞം നടത്താനാണ് യോഗം തീരുമാനമെടുത്തത്. വീടുകളും സ്ഥാപനങ്ങളും പൊതുവിടങ്ങളും പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചീകരിക്കും. വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും സാനിറ്റേഷൻ കമ്മിറ്റി പരിശോധന നടത്തുകയും വേണം. ഇതിനൊപ്പം എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ ഗ്രാമസഭകൾ ചേരണം. ജനപ്രതിനിധികൾ, ആരോഗ്യമേഖലയിലെ പ്രമുഖർ തുടങ്ങിയവർ ഇതിനു നേതൃത്വം നൽകും. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ജലമലിനീകരണം തടയുന്നതിനും പഞ്ചായത്തുകൾ കർശന നടപടി സ്വീകരിക്കാൻ യോഗം നിർദേശിച്ചു. കാടുപിടിച്ചുകിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുന്നതിന് സ്ഥല ഉടമയ്ക്ക് അടിയന്തരമായി നോട്ടീസ് നൽകണം. പനി ബാധിച്ച് എത്തുന്നവരെ ആവശ്യമായ പരിശോധനകൾ നടത്തി രോഗനിർണയം കാര്യക്ഷമമാക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർക്കു നിർദേശം നൽകി.
വീടുകളുടെ ശുചീകരണത്തിന് കുടുംബത്തിലെ ഒരംഗത്തെ ഹെൽത്ത് അംബാസഡർ ആയി നിയമിക്കണമെന്നും യോഗം നിർദേശിച്ചു. 50 വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്റർ രൂപവത്കരിക്കും. എൻ.എസ്.എസ്. യൂണിയൻ ഹാളിൽ നിയുക്ത എം.എൽ.എ. പി. പ്രസാദ് അധ്യക്ഷനായി. ജനപ്രതിനിധികളായ എസ്. സോബിൻ, സുധർമ്മിണി തമ്പാൻ, സി.കെ. രാജേന്ദ്രൻ, എസ്. രാധാകൃഷ്ണൻ, അഡ്വ.എം. സന്തോഷ് കുമാർ, എ.കെ. പ്രസന്നൻ, ബിന്ദു മുരളി, ടി.ടി. വിക്രമൻ, ചേർത്തല തഹസിൽദാർ പ്രിൻസ് ജോൺ, ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അമീന, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Top