ബീച്ച് മേഖലയിലെ തിരക്ക്; വഴിയടഞ്ഞ് നാട്ടുകാർ
11 May 2026
വേനലവധി ആഘോഷിക്കാൻ ആലപ്പുഴ ബീച്ചിലേക്ക് എത്തുന്നവരുടെ തിരക്ക് കൂടിയതോടെ പ്രദേശവാസികൾക്ക് ദുരിതത്തിലായി. ബീച്ചിലും പാർക്കിലുമായി എത്തുന്നവർ വാഹനങ്ങൾ റോഡരികിൽ കൂട്ടമായി പാർക്ക് ചെയ്യുന്നതിനെ തുടർന്ന് വഴി തടസപ്പെടുകയാണ് നാട്ടുകാർ പറയുന്നു. ഇതുമൂലം പലപ്പോഴും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടേറുകയും ചെയ്യുന്നു. വിജയ് പാർക്കിന് വടക്ക് യുണൈറ്റഡ് ക്ലബ് റോഡിലുള്ല നിവാസികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. സമാന്തര ബൈപ്പാസ് നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ, സ്ലാബകൾ, കമ്പികൾ എന്നിവ റോഡരികിൽ കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. അവധി ദിവസങ്ങളിൽ മേഖലയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഒരു വാഹനം കുടുങ്ങിയാൽ ജനത ക്വാർട്ടേഴ്സ്- ക്ലബ് മുതൽ മുന്നോടി റോഡ് വരെയുള്ല ഭാഗങ്ങളിൽ കിലോമീറ്ററുകളോളം വാഹനനിര രൂപപ്പെടുന്നതായും നാട്ടുകാർ പറയുന്നു. മഴപെയ്യുമ്പോൾ റോഡിലെ കുഴികൾ വെള്ലത്തിൽ മറഞ്ഞുപോകുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാരും കാൽനട യാത്രക്കാരും അപകടഭീഷണിയിലാണ്. ടൂറിസം മേഖലയായി ശ്രദ്ധനേടുന്ന പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിയന്തര നടപടി വേണം
പ്രദേശവാസികളുടെ ആവശ്യം
യാത്ര സാദ്ധ്യമാകുന്ന തരത്തിൽ റോഡിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യണം
പൊതുവഴി തടസ്സപ്പെടുത്താത്ത തരത്തിൽ ബാരിക്കേട് സ്ഥാപിക്കുകയോ വേണം.
വഴി തടസ്സപ്പെടുത്താത്ത തരത്തിൽ വാഹന പാർക്കിംഗ് നടത്തുന്നതിന് ക്രമീകരണം ഉണ്ടാവണം.
തിരക്കുള ദിവസങ്ങളിൽ നിയന്ത്രണത്തിന് പൊലീസ് വേണം

