മുഹമ്മ തണ്ണീർമുക്കത്തെ ബാഴ്സ് ഫാമിലി’യിലെ അവസാനത്തെ കണ്ണിയും ഓർമയായി
01 May 2026
മുഹമ്മ ജീവിതയാത്രയിൽ ആരും വിവാഹിതരാകാതെ ഒരു ആയുസ്സ് മുഴുവൻ സ്നേഹത്തോടെ ഒരേ വീട്ടിൽ തന്നെ കഴിഞ്ഞ 5 സഹോദരങ്ങളിൽ അവസാനത്തെ കണ്ണിയും ഓർമയായി. ‘ബാഴ്സ് ഫാമിലി’ എന്ന് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്ന, തണ്ണീർമുക്കം പഞ്ചായത്ത് 15-ാം വാർഡ് ഞെട്ടയിൽ ഭാഗം ശൂദ്രമലപ്പള്ളി കുടുംബത്തിലെ അംഗമായ സദനാണ് (74) അന്തരിച്ചത്. ആരുമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ ബുധനാഴ്ച സമീപവാസികൾ കണ്ടെത്തുകയായിരുന്നു. ഇതോടെ ഒരേ വീട്ടിൽ പരസ്പരം താങ്ങും തണലുമായി കഴിഞ്ഞ അഞ്ച് സഹോദരങ്ങളുടെ ആ വലിയ ജീവിതയാത്രയ്ക്കു കൂടിയാണു വിരാമമാകുന്നത്. സഹോദരങ്ങളായ സുമതി, വിജയമ്മ, രാധാമണി, കാർത്തികേയൻ എന്നിവർ ഒന്നരവർഷത്തിനിടയിലാണ് മരിച്ചത്.
മൂന്നു സഹോദരിമാരും രണ്ട് സഹോദരന്മാരും അടങ്ങുന്നതായിരുന്നു കുടുംബം. അഞ്ചുപേരും വിവാഹജീവിതം വേണ്ടെന്നുവച്ച് ഒരുമിച്ച് കഴിയാനായിരുന്നു തീരുമാനിച്ചത്. ഒരു കാലഘട്ടത്തിന്റെ സ്നേഹനിർഭരമായ കുടുംബബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഈ സഹോദരങ്ങളെ നാട് കണ്ടിരുന്നത്. അവസാനകാലത്ത് ഞെട്ടയിൽ ക്ഷേത്രത്തിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. നല്ല ചുവർചിത്രകാരനും പ്രഭാഷകനും സരസനും വായനാശീലമുള്ള ആളുമായിരുന്നു സദൻ. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കാരം 30ന് വീട്ടുവളപ്പിൽ നടക്കും.

