വെട്ടുകത്തി വീശി മതിൽ ചാടി കടന്നുകളയാൻ ശ്രമം; കൈക്കൂലി കേസിൽ ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടി വിജിലൻസ്

വെട്ടുകത്തി വീശി മതിൽ ചാടി കടന്നുകളയാൻ ശ്രമം; കൈക്കൂലി കേസിൽ ഡിവൈഎസ്പിയെ ഓടിച്ചിട്ട് പിടികൂടി വിജിലൻസ്
Share Email

ചേർത്തല കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിവൈഎസ്പിയെ കോട്ടയം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. ശുചിമുറി മാലിന്യവുമായി പിടികൂടിയ ടാങ്കർ ലോറി വിട്ടുകൊടുക്കാൻ വാഹന ഉടമയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി ടി.അനിൽകുമാറിനെ (54) ബുധനാഴ്ച വൈകിട്ടാണു പിടികൂടിയത്. ചേർത്തലയിലെ വാടകവീട്ടിലായിരുന്നു സംഭവം. വിജിലൻസിനെ കണ്ട് പ്രതി വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്നു മതിൽ ചാടി കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി കീഴ്പ്പെടുത്തുകയായിരുന്നു.

ശുചിമുറി മാലിന്യം ശേഖരിച്ചു ചേർത്തല നഗരസഭയുടെ ശുദ്ധീകരണശാലയിൽ എത്തിക്കുന്നതിനു കരാറെടുത്ത ചേർത്തല സ്വദേശിക്ക് 6 വാഹനങ്ങളുണ്ട്. ഡിവൈഎസ്പിയായി അനിൽകുമാർ ചുമതലയേറ്റെടുത്തശേഷം പരാതിക്കാരന്റെ വാഹനങ്ങൾ പിടികൂടുന്നതു പതിവായി. എല്ലാ മാസവും 25,000 രൂപ നൽകിയാൽ വാഹനങ്ങൾ പിടികൂടില്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ നിലപാടെന്ന് വിജിലൻസ് പറഞ്ഞു. വാഹനയുടമ 15,000 രൂപ നൽകാമെന്നു പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. കൊല്ലത്തു തന്റെ വീടിന്റെ പണി നടക്കുകയാണെന്നും പണത്തിനു ബുദ്ധിമുട്ടുണ്ടെന്നും 2 ലക്ഷം രൂപ നൽകണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു. പണം കൊടുക്കാതെ വന്നതോടെ ഏപ്രിൽ 29നു പരാതിക്കാരന്റെ 2 വാഹനങ്ങളും വർക്ഷോപ്പിൽ കിടന്നിരുന്ന മറ്റൊരു വാഹനവും ഡിവൈഎസ്പി നേരിട്ടെത്തി കസ്റ്റഡിയിലെടുത്തു. ഒരു മാസത്തിനുശേഷം മറ്റൊരു വാഹനവും കസ്റ്റഡിയിലെടുത്തു.

വാഹനങ്ങൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഡിവൈഎസ്പിയുടെ വാടകവീട്ടിലെത്തിയ വാഹന ഉടമയോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. 25,000 രൂപ വച്ച് ഓരോ മാസവും നൽകിയാൽ മതിയെന്നു പറഞ്ഞു പരാതിക്കാരനെ മടക്കിവിട്ടു. തുടർന്നു വാഹന ഉടമ വിജിലൻസിൽ അറിയിക്കുകയായിരുന്നു.

Share Email
Top