അവഗണനയിൽ മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രം
മുഹമ്മ : ആരും തിരിഞ്ഞുനോക്കാതെ അവഗണനകളുടെ നടുവിലായി മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രം. ആര്യാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള സാമൂഹികാരോഗ്യകേന്ദ്രത്തെ മുൻപ് മൂന്നു പഞ്ചായത്തുകളിലുള്ള ആളുകളാണ് ആശ്രയിച്ചിരുന്നത്. ഇവിടെ ദിവസേന അഞ്ഞൂറിലേറെ ആളുകളാണ് ആശ്രയിച്ചിരുന്നത്. ഇന്നിപ്പോൾ ആരോഗ്യകേന്ദ്രം അനാസ്ഥയിലായതോടെ രോഗികളും എത്തുന്നില്ല.
മുൻപ് 22 കിടക്കകളുണ്ടായിരുന്ന കേന്ദ്രത്തിലിപ്പോൾ ആറു കിടക്കകളാണുള്ളത്. പഴയ കയർ വാർഡിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തപ്പോൾ മുകളിൽ ഒൻപതു കിടക്കകൾ ഒരുക്കിയിട്ടുണ്ടെങ്കിലും താഴത്തെ നിലയിലാണ് ഒബ്സർവേഷനായി ഇട്ടിരിക്കുന്നത്. മുകളിൽ കിടത്തിച്ചികിത്സയും നൽകുന്നില്ല. ഇത് കോൺഫറൻസ് ഹാളായി ഉപയോഗിക്കുകയാണ്. മുകളിലേക്ക് രോഗികൾക്കായി ലിഫ്റ്റും നിർമിച്ചിട്ടില്ല.
മെഡിക്കൽ ഓഫീസർ ഉൾപ്പെടെ അഞ്ചു ഡോക്ടർമാരുടെ സേവനമാണ് ഇപ്പോഴുള്ളത്. അതിൽ മെഡിക്കൽ ഓഫീസർക്ക് ആശുപത്രിസംബന്ധമായ കാര്യങ്ങൾക്കു പോകേണ്ടതിനാൽ മറ്റു നാലു ഡോക്ടർമാരാണ് രാപകലില്ലാതെ രോഗികളെ നോക്കേണ്ടത്. ഒൻപതു നഴ്സുമാർ
വേണ്ടിടത്ത് അഞ്ചു നഴ്സുമാരാണ് രാവിലെമുതലുള്ളത്. അഞ്ചു നഴ്സിങ് അസിസ്റ്റന്റുമാർ വേണ്ടിടത്ത് മൂന്നുപേർ മാത്രമാണുള്ളത്.
ശുചീകരണത്തിന് മൂന്നുപേർ വേണ്ടിടത്ത് ഒരാളാണുള്ളത്.
ഇവിടെ ഡോക്ടർമാർക്കു താമസിക്കാൻ ആറു ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്നത് കാലപ്പഴക്കത്തിൽ നശിക്കുകയാണ്. അതിൽ ഒന്ന് പാലിയേറ്റീവ് സെന്ററായി പ്രവർത്തിക്കുകയാണ്. ഒന്നോ രണ്ടോ ക്വാർട്ടേഴ്സാണ് പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം പൊളിഞ്ഞുകിടക്കുന്ന നിലയും. അതിന്റെ അറ്റകുറ്റപ്പണികളൊന്നും ചെയ്തിട്ടില്ല. ആദ്യകാല കെട്ടിടങ്ങൾ പൊളിച്ചപ്പോൾ രോഗികൾക്കായി പുതിയ കെട്ടിടം പണിയുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിപ്പോഴും പൂർത്തിയാകാതെ കിടക്കുകയാണ്. സ്വന്തമായി ഒരു വാഹനമില്ലാത്ത ആരോഗ്യകേന്ദ്രമാണ് മുഹമ്മ സി.എച്ച്.സി. വാഹനം വേണമെന്ന ആവശ്യത്തിന് രണ്ടുവർഷം പഴക്കമുണ്ട്. ഇതുവരെയായും വാഹനം അനുവദിച്ചിട്ടില്ല. ആകെയുള്ള ഒരു മിനി വാൻ ഷെഡിൽ തുരുമ്പെടുത്തു നശിക്കുകയാണ്.

