ഈ സ്കൂളിലുണ്ട്, ആശാട്ടിയും നിലത്തെഴുത്തും

04 June 2026
ആലപ്പുഴ : ടീച്ചർ ബ്ലാക്ക് ബോർഡിൽ പാഠങ്ങൾ എഴുതി പഠിപ്പിക്കുമ്പോൾ, സ്കൂളിന്റെ തിണ്ണയിൽ വിതറിയ മണലിൽ കുരുന്നുകളുടെ കൈപിടിച്ച് അക്ഷരങ്ങൾ എഴുതിക്കുന്നൊരു ആശാട്ടി. മണലിൽ വിരൽകൊണ്ട് അക്ഷരങ്ങളെഴുതിച്ചിരുന്ന ആശാൻകളരിയെന്ന പാരമ്പര്യത്തെ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയാണ് ആലപ്പുഴ നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനമായ ടെംബിൾ ഓഫ് ഇംഗ്ലീഷ് സ്കൂളും 85 വയസ്സുള ആശാട്ടി ഇന്ദിരാമ്മയും.
ഇരവുകാട് കിഴക്കേവെളി വീട്ടുമുറ്റത്ത് കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ചിരുന്ന ഇന്ദിരാമ്മയെ പത്ത് വർഷം മുമ്പാണ് സ്കൂൾ കോർഡിനേറ്റർ സൗമ്യ രാജ് സ്കൂളിലേക്ക് ക്ഷണിച്ചത്. ആധുനിക വിദ്യാഭ്യാസകാലത്തും, കുട്ടികൾ പാരമ്പര്യത്തിന്റെ കരുത്തറിയണം എന്നതായിരുന്നു ലക്ഷ്യം മൂന്ന് വയസ്സ് മുതലുള്ല കുട്ടികളെ മലയാളം, ഇംഗ്ലീഷ് അക്ഷരമാലയും, അക്കങ്ങളും മണലിൽ എഴുതി പഠിപ്പിക്കും. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതൽ 12 മണിവരെയാണ് ഇന്ദിരാമ്മ സ്കൂളിലെത്തി കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത്. അഞ്ച് രൂപയിൽ നിന്ന് മാസശമ്പളത്തിലേക്ക്
കയർ ഫാക്ടറിയിൽ പായ നെയ്ത്തുകാരനായിരുന്നു ഇന്ദിരാമ്മയുടെ ഭർത്താവ് വിശ്വനാഥൻ. രണ്ടാണും ഒരു മകളും അടങ്ങിയ കുടുംബത്തെ പോറ്റാൻ കഷ്ടപ്പെട്ട ഓർമ്മകളുണ്ട് ഇന്നും മനസ്സിൽ. ഒരു കുട്ടിക്ക് അഞ്ച് രൂപ ഫീസ് എന്ന തരത്തിലാണ് വീട്ടുമുറ്റത്ത് കളരി ഇന്ദിരാമ്മ ആരംഭിച്ചത്. പക്ഷേ പലരും ഫീസ് നൽകാൻ മടിച്ചിരുന്നു. ഭർത്താവിന്റെ മരണത്തോടെ മാനസികമായി വിഷമിച്ചിരിക്കുന്ന വേളയിലാണ് ടെംബിൾ ഓഫ് ഇംഗ്ലീഷ് കോർഡിനേറ്ററും, വാർഡ് കൗൺസിലറുമായിരുന്ന സൗമ്യരാജ് ഇന്ദിരാമ്മയെ സ്കൂളിലേക്ക് ക്ഷണിച്ചത്. ആ വരവ് പത്താം വർഷത്തിലും മുടക്കമില്ലാതെ തുടരുന്നു. അഞ്ച് രൂപ ഫീസ് ലഭിക്കാൻ പ്രയാസപ്പെട്ടിരുന്ന കാലത്ത് നിന്ന് മാസശമ്പളം വാങ്ങുന്ന നിലയിലേക്ക് ജീവിതം വഴിമാറി.

Top