കേരളത്തിലെ ആദ്യത്തെ ഹൗസ് ബോട്ട് / പുരവഞ്ചി / വഞ്ചിവീട് ഡിസൈൻ

ആരു വന്ന് ഞാനെന്ന് മേനി നടിച്ചാലും അത് ബാബു വർഗ്ഗീസ് എന്ന ടൂർ ഓപ്പറേറ്ററാണ് എന്ന് 1991 മുതൽ 1996 വരെ ബാബു വർഗീസിന്റെ ‘ടൂർ ഇന്ത്യ ‘ എന്ന കമ്പനിയിൽ ഗൈഡായും പിന്നീട് മാനേജരായും ജോലി ചെയ്തിരുന്ന ‘സുരേഷ് പനക്കൽ രവി’ പറയുന്നു.

ഈയിടെ കണ്ട അവകാശവാദങ്ങളാണ് വീണ്ടും ഒരു അന്വേഷണത്തിലേയ്ക്ക് നയിച്ച് ഒന്നു കൂടി ഇത് ഉറപ്പിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

കേരളത്തിൽ ചരക്ക് ഗതാഗതത്തിന് മാത്രമായി കെട്ടുവള്ളങ്ങൾ ഉപയോഗിച്ചിരുന്ന ഒരു കാലത്ത് , കാശ്മീരിലെ ഹൗസ് ബോട്ടുകൾക്ക് പകരം വയ്ക്കാൻ നമ്മുടേതായ രീതിയിൽ ഒരു ക്രൂസ് ( cruise) കെട്ടുവള്ളം എന്ന ആശയം ബാബു വർഗീസിന്റെതായിരുന്നു.

അങ്ങനെ ആദ്യം ‘സുമംഗല’ നീറ്റിലിറങ്ങി!

1991ൽ .

ഓർക്കുക, സുമംഗല ഒരു ഹൗസ് ബോട്ട് ആയിരുന്നില്ല!

കൊല്ലത്തുനിന്ന് ആലുംകടവ് വരെ അല്ലെങ്കിൽ കായംകുളം വരെ സുമംഗല പായയുടെ സഹായത്താൽ sail ചെയ്തു.

അവിടെ നിന്നും പിന്നെ തോട്ടപ്പള്ളി വരെ നാലുമണിക്കൂർ ശരിക്കും ക്രൂസ്.

അന്ന് ആ ക്രൂസിന് ഒരു കപ്പിളിന് 2500 രൂപയോ മറ്റോ ആയിരുന്നു ചാർജ്ജ്.

ആലുംകടവിലെ കുഞ്ഞൻ മേശിരിയും സുദേവനും ഒക്കെ അടങ്ങുന്ന ‘ശിൽപ്പി’കളുടെ സംഘമാണ് ബാബു വർഗീസിന്റെ ആശയത്തിനനുസരിച്ച് സുമംഗല അണിയിച്ചൊരുക്കിയത്.

ഭാസ്കരൻ എന്നൊരാളുടെ പഴയ ഒരു കെട്ടുവള്ളം വാങ്ങി അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് സുമംഗലയെ രൂപപ്പെടുത്തിയത്.

ഭാസ്ക്കരൻ തന്നെ ആ ബോട്ടിൻ്റെ ക്യാപ്റ്റനുമായി.

ശരിക്കും ഇത്തരത്തിലാണ് പുതിയ ടൂറിസം ഉൽപ്പന്നങ്ങൾ രൂപപ്പെടുന്നത്.

ആയിഷ മൻസിലും, ഫിലിപ്പ് കുട്ടി ഫാമും , കളപ്പുര ഫാം ഹൗസും ഒക്കെ ഇത്തരത്തിൽ തലയിൽ ആശയങ്ങളുമായി നടക്കുന്ന സാധാരണ മനുഷ്യർ ഭരണകൂടങ്ങളുടെ സഹായമില്ലാതെ രൂപപ്പെടുത്തി എടുത്തവയാണ്.

തുടർന്നാണ് ഹൗസ് ബോട്ട് എന്ന ആശയത്തിന് ബാബു വർഗീസ് രൂപം നൽകുന്നത്.

അതിനു വേണ്ട ഡിസൈൻ സഹായവും ഉപദേശങ്ങളും പരിശീലനവും എല്ലാം ആലുംകടവിലെ പണിക്കാർക്ക് ബാബു വർഗീസ് നൽകി.

കുഞ്ഞൻ മേശിരിയും സുദേവനും ഒക്കെ തന്നെയായിരുന്നു അതിൻറെ പിന്നിലും .

അങ്ങനെ ‘സുന്ദരി’യെന്ന കേരളത്തിലെ ആദ്യത്തെ ഹൗസ് ബോട്ട് നീറ്റിലിറങ്ങി.

ആലുംകടവിൽ അന്ന് ഒരു സുകുമാരപിള്ളയുടെ ചായക്കടയുണ്ടായിരുന്നു.

അവിടെ നിന്നും ഭക്ഷണവും ശേഖരിച്ച് ‘സുന്ദരി’ 1993 ൽ എറണാകുളത്തേക്ക് സഞ്ചാരം തുടങ്ങി!

അത് ഇന്നത്തെ പോലെ വേമ്പനാട്ടുകായലിന് ചുറ്റുമുള്ള ഒരു രാത്രി മാത്രം തങ്ങുന്ന വെറും സഞ്ചാരം ആയിരുന്നില്ല!

ഏഴ് സുന്ദര രാത്രികൾ ഒറ്റ ട്രിപ്പിൽ ‘സുന്ദരി’ ഓടിത്തീർക്കും !

ചിലപ്പോൾ കൊല്ലത്തു നിന്നും തുടങ്ങും അല്ലെങ്കിൽ ആലുംകടവിൽ നിന്നും തുടങ്ങും.

ഒന്നാം രാത്രി കായംകുളം, രണ്ടാം രാത്രി തോട്ടപ്പള്ളി, പിന്നെ തൃക്കുന്നപ്പുഴ , ആലപ്പുഴ , തണ്ണീർമുക്കം …..അങ്ങനെ ഒടുവിൽ എറണാകുളം തേവര വരെ!

ഇത്ര സുദീർഘമായ ഒരു ഹൗസ് ബോട്ട് ട്രിപ്പ് പിന്നീട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു!

മച്ചിങ്ങൽ എന്ന വ്യക്തിയുടെ Surya Raisen എന്ന പ്രമുഖ ടൂർ കമ്പനിയ്ക്ക് വേണ്ടി ബാബുവർഗീസിന്റെ കമ്പനി ( Tour India) ‘സൂര്യ’ എന്ന മറ്റൊരു ഹോസ് ബോട്ട് പണിതുവെങ്കിലും എന്തോ പ്രശ്നങ്ങളാൽ ആ ഹൗസ് ബോട്ടും ഏറെക്കാലം Tour India യുടെ കൈവശം തന്നെയായിരുന്നു എന്ന് സുരേഷ് പറയുന്നു.

സുന്ദരിയുടെ പോരായ്മകൾ പരിഹരിച്ച ബോട്ടായിരുന്നു സൂര്യ.

ജനാലയ്ക്ക് വെളിയിൽ , ഹള്ളിന് പുറത്ത് യാത്രികർക്ക് ഇരിക്കാവുന്ന ബാൽക്കണി വരെ അതിൽ ഉണ്ടായിരുന്നു !

എല്ലാം മടക്കി വയ്ക്കാവുന്ന വിധത്തിലും!

അങ്ങനെയൊരു ഡിസൈൻ പിന്നീട് ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയം.

ഒരു ക്ലാസ്സിക് ബോട്ട് തന്നെയായിരുന്നു സൂര്യ.

എല്ലാത്തിനും ബാബു വർഗ്ഗീസിൻ്റെ മേശപ്പുറത്ത് അദ്ദേഹത്തിൻ്റെ പെൻസിൽ സ്കെച്ച് ഉണ്ടായിരുന്നു !!

ആലുംകടവിലാണ് വള്ളത്തിൻ്റെ hull നിർമ്മിച്ചിരുന്നത് ( വള്ളം കെട്ടുന്നത് ഉൾപ്പെടെ ) എങ്കിലും ‘വളവര’ ( വള്ളത്തിൻ്റെ, പനമ്പും മുളയും അടയ്ക്കാമരവും കൊണ്ട് ഉണ്ടാക്കുന്ന കൂര.

ഒരു സാധാരണ കെട്ടുവള്ളത്തിൻ്റെ വളവരയ്ക്ക് 65 തച്ച് എങ്കിലും കുറഞ്ഞത് വരും. ഹൗസ് ബോട്ടിന് അത് 200 തച്ച് എങ്കിലും വരും.) ചെയ്യുന്നതിന് ‘ചെമ്മണ്ട’യിൽ നിന്നുള്ള ആൾക്കാർ ആലുംകടവിലെത്തും.

ശിവദാസനായിരുന്നു പേരു കേട്ട ആൾ.

മുറുക്കം കുറഞ്ഞ കയർ കൊണ്ടുണ്ടാക്കിയ കയർ തന്നെ വേണം വളവരയ്ക്ക് വേണ്ടത്.

അത് പ്രത്യേകം തിരഞ്ഞെടുക്കുകയും വേണം.

കെട്ടിക്കഴിയുമ്പോൾ മാത്രമാണ് അത് മുറുകിച്ചേരുന്നത്.

കെട്ടുവള്ളത്തിൽ ആണിയേ ഇല്ല!(മരയാണിയോ ഇരുമ്പാണിയോ ഒന്നുമില്ല! )

മണിക്കാലിലാണ് വള്ളം പണിതുയർത്തുക.

മുന്നിലും പിന്നിലും രണ്ട് ‘തലമരങ്ങൾ’ കെട്ടു വള്ളത്തിനുണ്ടാകും.

അതായത് ‘ആരക്കാൽ’ ഇല്ല എന്നർത്ഥം.

ഈ തലമരങ്ങളുടെ മുകളിൽ ‘കൊമ്പ്’ കെട്ടി നിർത്തും.

(ആണിയടിച്ചു നിർത്തിയാൽ അപകടമാണ്.)

അതൊരു ഷോക്ക് അബ്സോർബർ പോലെ പ്രവർത്തിയ്ക്കും.

വള്ളത്തിൻ്റെ ഉള്ളിൽ മീനെണ്ണയും പുറത്ത് കശുവണ്ടി എണ്ണയും തേയ്ക്കും.

ആഞ്ഞിലി മാത്രമായിരുന്നു അന്ന് ഹൗസ് ബോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്.

നമ്മുടെ ഹൗസ് ബോട്ട് വ്യവസായം ആലപ്പുഴയിലേക്ക് മാറുന്നതിനു പിന്നിൽ രസകരമായ ഒരു കഥ കൂടി ‘സുരേഷ് പനക്കൽ രവി’ പറയും.

അന്ന് ബാബു വർഗീസിന്റെതായി ആലുങ്കടവിൽ 8 ഹൗസ് ബോട്ടുകൾ ഉണ്ടായിരുന്നു.

ഒരു രാത്രി സുരേഷും ‘സൂര്യ’യിലെ ഒരു ജീവനക്കാരനുമായി വാക്കേറ്റവും കൈക്കലാശവും ഉണ്ടായി!

അത് വലിയൊരു വിഷയമായി വളർന്നു.

ഒരു തൊഴിലാളി പ്രശ്നമാക്കി അതിനെ ചിലർ മാറ്റി.

ഹൗസ് ബോട്ടുകൾ ഓടുന്നതിന് അതൊരു തടസ്സമായതോടെ രായ്ക്കുരാമാനം ബാബു വർഗീസ് 8 ഹൗസ് ബോട്ടുകളും ആലപ്പുഴ പുന്നമട ഫിനിഷിംഗ് പോയിന്റിലേക്ക് മാറ്റി.

അതിനു സാക്ഷിയാണ് സുരേഷ്..

മാത്രമല്ല അന്നൊക്കെ അജ്ഞാത ജഡങ്ങൾ അടിഞ്ഞിരുന്ന ഇടമായിരുന്നത്രെ ഫിനിഷിംഗ് പോയിൻറ് !

ഏറ്റവും കുറഞ്ഞത് 150 രാത്രികൾ എങ്കിലും താൻ ‘സുന്ദരി’യിൽ കഴിഞ്ഞിട്ടുണ്ടെന്ന് സുരേഷ് പറയുന്നു!

കേരളത്തിൽ ‘ട്രീ ഹൗസ്’ എന്ന ആശയം ആദ്യമായി കൊണ്ടുവരുന്നതും ബാബു വർഗീസ് തന്നെയായിരുന്നു.

വയനാട് വൈത്തിരിയിൽ ആയിരുന്നു ആദ്യത്തെ ‘ഗ്രീൻ മാജിക്’ എന്ന ആ ട്രീ ഹൗസ് !

മരത്തിൻ്റെ താഴെ നിന്നും 100 അടി ഉയരത്തിൽ !

ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ട്രീ ഹൗസ് ആയിരുന്നിരിക്കണം അത് !

ഒരിക്കൽ ( 1995 / 96 )ഞാനതിൽ താമസിച്ചിട്ടുണ്ട്.

അതിശയിപ്പിക്കുന്ന സൗകര്യങ്ങളും മലമുകളിലെ വെള്ളത്തിൻ്റെ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്രകൃതിദത്ത ലിഫ്റ്റുമായിരുന്നു അതിൻ്റെ പ്രത്യേകത !

കയറിലൂടെ പ്രവർത്തിച്ച ഒരു ലിഫ്റ്റ് !

1991 മുതൽ 1996 വരെ സുരേഷ്, ബാബു വർഗീസിനൊപ്പം ടൂർ ഇന്ത്യയിൽ ഉണ്ടായിരുന്നു.

ശരിക്കും തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ ( KITTS) മാനേജ്മെൻറ് ഡെവലപ്മെൻറ് പ്രോഗ്രാം ( MDP ) ചെയ്ത വ്യക്തിയാണ് സുരേഷ് !

ഞാനന്ന് KITTS ൽ ആദ്യ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് ( PGDTTM) പഠിക്കുന്നു.

1996 ൽ സുരേഷ് Palmland Tours എന്ന സ്വന്തം സ്ഥാപനം തുടങ്ങി.

കുഞ്ഞൻ മേശിരിയും സുദേവനും ഒക്കെ ചേർന്ന് സുരേഷിന് മറ്റൊരു ക്രൂസ് കെട്ട് വെള്ളം നിർമ്മിച്ചുകൊടുത്തു.

അത് തൃശ്ശൂർ ചേറ്റുവ കായലിലൂടെ ഏങ്ങണ്ടിയൂർ മുതൽ കണ്ടൽക്കാടു വരെ ഇപ്പോഴും ടൂറിസ്റ്റുകളെയും കൊണ്ട് ഓടുന്നു.

മാത്രമല്ല ചേറ്റുവയിലെ ‘കോക്കനട്ട് ഐലൻഡ്’ എന്ന ദ്വീപിൽ അതേ പേരിൽ സുരേഷിന് ഒരു അക്കോമഡേഷൻ സംവിധാനവുമുണ്ട്.

മുന്തിയ സൗകര്യങ്ങളുള്ള ഒരു സിംഗിൾ കോട്ടേജ് !

ഒരു സിനിമാ കഥ പോലെ ഒടുവിൽ ബാബു വർഗീസിന്റെ ജീവിതം അവസാനിച്ചു!

നോട്ട് : സുമംഗല മനോരമ മുൻ ചീഫ് റിപ്പോർട്ടർ ശ്രീ. വി.കെ സോമൻ്റെ മകളുടെ പേരാണ്.

ഒരിക്കൽ ഹാൻസ് എന്ന ഒരു ജർമ്മൻ ജേണലിസ്റ്റും വി.കെ. സോമനും ബാബു വർഗ്ഗീസും ഒരുമിച്ചിരുന്നപ്പോൾ ബാബു വർഗീസ് ആ അനുവാദം ചോദിച്ചു : സുമംഗലയുടെ പേര് ഹൗസ് ബോട്ടിന് ഇടാൻ!

അദ്ദേഹം സമ്മതിച്ചു.

അത് സംബന്ധിച്ച് അന്ന് മനോരമ പ്രസദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ഇതായിരുന്നത്രേ , ‘സുമംഗല സുമംഗലിയായി’!

Top