മുഹമ്മയിൽ കാറ്റിലും മഴയിലും വ്യാപകനാശം

23 April 2026
മുഹമ്മ: ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും മുഹമ്മയിലും പരിസര പ്രദേശങ്ങളിലെയും വീടുകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ വീടിന് മുകളിലേക്ക് പതിച്ചും വൈദ്യുത കമ്പികളിൽ വീണ് പോസ്റ്റുകൾ ഒടിയുകയും കമ്പികൾ നിലം പൊത്തുകയും ചെയ്തു. മുഹമ്മ പത്താംവാർഡ് പെസാക് വായനശാലയ്ക്ക് സമീപം മറ്റത്തിൽ സുകുമാരന്റെ വീടിനുമേൽ തെങ്ങ് വീണ് വീടിന്റെ പാരപ് തകരുകയും ഭിത്തിയ്ക്ക് വിളലേൽക്കുകയും ചെയ്തു. ഇതേ വാർഡിൽ തന്നെയുള്ല റിസോർട്ട് കടവിന് സമീപത്തെ വിജയവിലാസത്തിൽ രത്നാകരന്റെ പുളിമരവും തല്ലിമരവും നിവർത്തിൽ സുരേന്ദ്രന്റെ വീടിനുമേൽ പതിച്ച് വീടിന് സാരമായ കേടുപാടുകളുണ്ടായി. മരംവേരോടെ പിഴുതു വീണ് രത്നാകരന്റെ വീട്ടിലെ സെപ്റ്റിക് മാലിന്യ ടാങ്ക് തകരുകയും ചെയ്തു. മുഹമ്മ ചിത്ര ജംഗ്ഷന് സമീപത്തെ നമ്പിയത്ത്ശ്ശേരി സുനിയുടെ വീടിനുമേലും മരം വീണ് കേടുപാടുകളുണ്ടായി. മുഹമ്മ പതിനെട്ടാം വാർഡ് മീനാഭവനിൽ പത്മകുമാറിന്റെ വീടിന് മുകളിലും മരങ്ങൾ വീണ് നാശമുണ്ടായി. കണിയാകുളം ഗുരുമന്ദിരത്തിന് സമീപം പാല ഒടിഞ്ഞു വീണു. അക്ഷരകൊലയ്ക്കു സമീപം പെരുമരം വൈദ്യുത ലൈനിൽ വീണ് ഏഴു വൈദ്യുത തൂണുകൾ ഒടിയുകയും കമ്പികൾ നിലം പൊത്തുകയും ചെയ്തു. തുടർന്ന് വൈദ്യുതിബന്ധം രാത്രി പന്ത്രണ്ടു മണിയോടെയാണ് പുനഃസ്ഥാപിച്ചത്. മണ്ണഞ്ചേരി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് തെങ്ങ് വൈദ്യുതക്കമ്പിയിൽ വീണ് കിടന്നതിനാൽ ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

Top