28-ാമത് സ്വാമി ആതുദാസ്ജി പുരസ്കാരം മുഹമ്മ സ്വദേശി ഡോ. ധനേഷ് ജയസിംഹന്
കേരള ഹോമിയോ ശാസ്ത്രവേദി ഏർപ്പെടുത്തിയിട്ടുള്ള 28-ാമത് സ്വാമി ആതുദാസ്ജി പുരസ്കാരം പ്രമുഖ ഹോമിയോപ്പതി ചികിത്സകനും ആരോഗ്യവിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ധനേഷ് ജയസിംഹന് (DHMS, 1978 ബാച്ച്)
1985 മുതൽ മുഹമ്മയിൽ സ്വന്തം സ്ഥാപനമായ ജയ ഹോമിയോപ്പതി ക്ലിനിക്കിലൂടെ ആതുരസേവന രംഗത്ത് സജീവമായ ഡോ. ധനേഷ് ജയസിംഹൻ, നാല് പതിറ്റാണ്ടിലേറെയായി ഹോമിയോപ്പതി ചികിത്സാരംഗത്ത് ശ്രദ്ധേയമായ സേവനമാണ് കാഴ്ചവെച്ചുവരുന്നത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (IHK) ചേർത്തല യൂണിറ്റിന്റെ സെക്രട്ടറിയായി തുടർച്ചയായി എട്ടുവർഷം പ്രവർത്തിച്ച അദ്ദേഹം, ചിക്കുൻഗുനിയ പകർച്ചവ്യാധി വ്യാപകമായിരുന്ന കാലഘട്ടത്തിൽ IHK ആലപ്പുഴ ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. മുൻ ജില്ലാതല ടീച്ചിംഗ് ഫാക്കൽറ്റി അംഗമായിരുന്ന അദ്ദേഹം, പൊതുജനാരോഗ്യ ബോധവൽക്കരണത്തിനായി ആയിരത്തിലധികം ക്ലാസുകൾ നയിച്ചിട്ടുണ്ട്.
വിവിധ മാധ്യമങ്ങളിൽ ആരോഗ്യവിഷയക ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ധനേഷ് ജയസിംഹൻ, കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഹോമിയോപ്പതി ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വാർത്ത കേരളത്തിൽ ആദ്യമായി കേരളകൗമുദി ദിനപത്രത്തിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2020 മുതൽ International Forum for Promotion of Homoeopathy (IFPH) സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരകളുടെ ചീഫ് കോ-ഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
ഹോമിയോപ്പതി ചികിത്സാരംഗത്ത് നടത്തിയ ദീർഘകാല സമർപ്പിത സേവനവും, പൊതുജനാരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളും, ഹോമിയോപ്പതിയുടെ പ്രചാരണ-പ്രസാരണത്തിനും വിദ്യാഭ്യാസ രംഗത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് കേരള ഹോമിയോ ശാസ്ത്രവേദി 2026-ലെ 28-ാമത് സ്വാമി ആതുദാസ്ജി പുരസ്കാരത്തിന് ഡോ. ധനേഷ് ജയസിംഹനെ തെരഞ്ഞെടുത്തത്.

