എഐ തൊഴിലവസരം കുറയ്ക്കുമെന്ന വാദം ശരിയല്ല: ഋഷിരാജ് സിംഗ്
മുഹമ്മ: വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിലാണെന്ന് മുൻ ഡിജിപി ഋഷിരാ ജ് സിംഗ് പറഞ്ഞു. കെഇ കാർമൽ സെൻട്രൽ സ്കൂളിൽ ആരംഭിച്ച എഐ ആൻഡ് ഇ-സ്ട്രീം ഇന്നൊവേഷൻ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലവസരങ്ങൾ കുറയ്ക്കുമെന്ന വാദം ശരിയല്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ സാധ്യതകളുടെ പുത്തൻ വാതായനങ്ങൾ തുറന്നിടുകയാണ് ചെയ്യുന്നത്.
താൻ പല സ്കൂളുകളിലും സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും എഐ ലാബ് ഉദ്ഘാടനത്തിനു പോകുന്നത് ആദ്യമാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
സിബിഎസ്ഇ കൗശൽ ബോധ്-പ്രോഗ്രാമിന്റെയും സിബിഎസ്ഇ സ്കിൽ എജ്യൂക്കേഷന്റെയും-ഭാഗമായാണ് ലാബ് സ്ഥാപിച്ചിട്ടുള്ളത്.
അത്യാധുനിക ലാബ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡ്രോൺ ടെക്നോളജി, ത്രീഡി പ്രിന്റിംഗ്, ബയോടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ സംവിധാനങ്ങൾ, ഓട്ടോമൊബൈൽ ടെക്നോളജി, തൊഴിൽനൈപു ണ്യ പരിശീലനം തുടങ്ങിയവ ലാബിന്റെ ഭാഗമാണ്.
വിവിധ മേഖലകളിൽ പാഠപുസ്തകങ്ങൾക്കുപരി പ്രായോഗിക പരിശീലനത്തിന് അവസരമുണ്ടെന്നതും പ്രത്യേകതയാണ്.
പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐയുടെ നേതൃത്വത്തിലാണ് പഠനകേന്ദ്രം യാഥാർഥ്യമായത്. ബംഗളൂരു ആസ്ഥാനമായ ഹൗ ആൻഡ് എജ്യൂക്കേഷന്റെ സഹകരണത്തോടെയാണ് ലാബ് സ്ഥാപിച്ചിരിക്കുന്നത്. വിദഗ്ധരുടെ മാർഗനിർദേശത്തോടെ വിദ്യാർഥികൾക്ക് ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ പരിശീലനം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ചാക്കോ അക്കാത്തറ സിഎംഐ, സ്കൂൾ ബർസർ ഫാ. സനു വലിയവീട് സിഎംഐ, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, മീഡിയ കോ-ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.

