കള്ളുഷാപ്പിലെ ഭക്ഷണംരുചിച്ച്, നാടൻ കാലാരൂപങ്ങൾ കണ്ട് യാത്ര
പാതിരാമണൽ ദ്വീപിൽ തയ്യാറാക്കിയ ആംഫി തിയേറ്ററിൽ സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും അരങ്ങേറും. ആലപ്പുഴ ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ ‘കുട്ടനാട് സഫാരി’ ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 10-ന് ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്നു പുറപ്പെടുന്ന യാത്ര
വൈകീട്ട് 5.30-ന് തിരികെയെത്തും. ജലഗതാഗതവകുപ്പിന്റെ ശീതീകരിച്ച ‘ഇന്ദ്ര’ സോളാർ ഇരുനില ബോട്ടാണ് സർവീസിനായി ഉപയോഗിക്കുക. ഒരേസമയം നൂറുപേർക്കാകും യാത്ര.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്പോൺസർഷിപ്പോടെ മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ചാണ് ജലഗതാഗത വകുപ്പ് ‘കുട്ടനാട് സഫാരി’പദ്ധതി നടപ്പാക്കുന്നത്. പാതിരാമണൽ ദ്വീപിൽ തയ്യാറാക്കിയ ആംഫി തിയേറ്ററിൽ സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും അരങ്ങേറും. ഇപ്റ്റയാണ് കലാപരിപാടികൾ അവതരിപ്പിക്കുക. രാവിലെ അഴീക്കൽ കനാലിൽ യാത്രക്കാർക്കായി പ്രഭാതഭക്ഷണം ഒരുക്കും. തുടർന്ന്, സി ബ്ലോക്കിലെത്തുമ്പോൾ ചുണ്ടൻവള്ളം സഞ്ചാരികൾക്ക് അടുത്തറിയാം. ആർ ബ്ലോക്കിലേക്കുള്ള യാത്രയിൽ കള്ളുഷാപ്പിലാകും ഉച്ചഭക്ഷണം. തുടർന്നാണ് പാതിരാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കുക. ചെറിയ വള്ളങ്ങളിലുള്ള കടകളിൽനിന്ന് സഞ്ചാരികൾക്ക് ആവശ്യമായ തനതു വസ്തുക്കൾ വാങ്ങാൻ അവസരമുണ്ടാകും. കെ.എസ്.ആർ.ടി.സി.യുമായി ബന്ധിപ്പിച്ച് പാക്കേജ് ടൂറിസവും പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുണ്ട്.
ബുക്കിങ് ഏഴുമുതൽ
കുട്ടനാട് സഫാരിയുടെ യാത്ര ബുക്കിങ് താത്പര്യമുള്ളവർക്ക് ജലഗതാഗതവകുപ്പിന്റെ 9400050333 എന്ന നമ്പരിൽ വിളിച്ച് ബുക്കുചെയ്യാം.

