പുതിയ ബോട്ട് സർവീസുകൾ; പാതിരാമണൽ ദ്വീപിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹത്തിൽ വൻ വർധന

16 May 2026
മുഹമ്മ വേമ്പനാട്ടുകായലിലെ പ്രകൃതിരമണീയമായ പാതിരാമണൽ ദ്വീപിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹത്തിൽ വൻ വർധന. ജലഗതാഗത വകുപ്പ് പാതിരാമണൽ ദ്വീപിനെ കൂടി ബന്ധിപ്പിച്ച് പ്രത്യേക ബോട്ടു സർവീസുകൾ ആരംഭിച്ചതോടെയാണിത്. കുറഞ്ഞ ചെലവിൽ കുട്ടനാടൻ കാഴ്ചകളും വിശാലമായ വേമ്പനാട് കായലിന്റെ ഭംഗിയുമടക്കം ആസ്വദിക്കാനാവുന്നവിധം സർവീസ് നടത്തുന്ന ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ നിന്നുള്ള വിനോദ സഞ്ചാര ബോട്ടുകളായ സീ കുട്ടനാട്, വേഗ, കുട്ടനാട് സഫാരി എന്നിവയിലും മുഹമ്മ സ്റ്റേഷനിൽ നിന്നുള്ള സീറ്റിങ് കപ്പാസിറ്റിയുള്ള സൗര സോളർ ബോട്ടിലും ഒപ്പം വാട്ടർ ടാക്സി സർവീസുകളിലുമായാണ് സഞ്ചാരികൾ ദ്വീപിലെത്തുന്നത്.

സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ജലഗതാഗത വകുപ്പിന്റെ വരുമാനവും വർധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളേക്കാൾ ഇരട്ടിയിലധികം പേരാണ് കായൽ മധ്യത്തിലെ ശാന്തമായ പച്ചപ്പണിഞ്ഞ പ്രകൃതി ദൃശ്യം ആസ്വദിക്കാനും ദേശാടന പക്ഷികളെ കാണാനും അവധിക്കാലത്ത് നിത്യേന എത്തിയത്. മുഹമ്മ പഞ്ചായത്തിന്റെ കീഴിൽ വരുന്നതാണ് പാതിരാമണൽ ദ്വീപ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ആംഫി തിയറ്റർ അടക്കമുള്ള പദ്ധതികൾ സന്ദർശകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. സന്ദർശക പാസ് മുഖേന പഞ്ചായത്തിന് മാസം തോറും 2 ലക്ഷത്തിലധികം രൂപ ശരാശരി പിരിഞ്ഞു കിട്ടുന്നുണ്ട്. ദ്വീപിൽ നിലവിൽ ബോട്ടുകൾ അടുപ്പിക്കാൻ ഒരു ജെട്ടി മാത്രമേയുള്ളു. തിരക്കേറിയ സമയത്ത് ഇത് യാത്രക്കാർക്കും ബോട്ടു ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും. ശുചിമുറി സൗകര്യവും വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. സന്ദർശകരുടെ തിരക്ക് പരിഗണിച്ച് കായിപ്പുറം ജെട്ടിയിൽ നിന്ന് പാതിരാമണലിലേക്ക് ബോട്ട് സർവീസ് ആരംഭിക്കാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടർന്ന് നടപടി പാതിവഴിയിൽ മുടങ്ങിയതായാണ് വിവരം.

Top