പുത്തനങ്ങാടി പുളിക്കച്ചിറ പാലം അപകടാവസ്ഥയിൽ
16 May 2026
മുഹമ്മ ആലപ്പുഴ പുന്നമട മുതൽ തണ്ണീർമുക്കം വരെയുള്ള വേമ്പനാട്ടുകായൽ തീരദേശറോഡിന്റെ പുത്തനങ്ങാടിയിലുള്ള പുളിക്കച്ചിറ പാലം അപകടാവസ്ഥയിലായിട്ട് നാളേറെ. പാലത്തിന്റെ കമ്പി തുരുമ്പെടുത്ത് ഏതുസമയത്തും നിലംപൊത്താമെന്ന നിലയിലാണ്. ആലപ്പുഴ-മധുര ഹൈവേക്കു സമാന്തരമായുള്ള തീരദേശറോഡിൽ മുഹമ്മ, തണ്ണീർമുക്കം പഞ്ചായത്തുകളുടെ അതിർത്തിയാണ് പുളിക്കച്ചിറപ്പാലം. അക്കരെ തണ്ണീർമുക്കം പഞ്ചായത്ത് പതിനൊന്നാം വാർഡും ഇക്കരെ മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡുമായാണ് പാലം അതിരുപങ്കിടുന്നത്.
തകർച്ചയുടെ വക്കിലുള്ള പുളിക്കച്ചിറ പാലത്തിലൂടെയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. 2016-ൽ തണ്ണീർമുക്കം പഞ്ചായത്ത് പതിനൊന്നാം വാർഡ് മുൻ മെമ്പർ എൻ.വി. ഷാജി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരനു പരാതി നൽകിയതിനെത്തുടർന്ന്, പാലത്തിന്റെ നിർമാണത്തിനുള്ള അളവു നടത്തിയെങ്കിലും പണി നടന്നില്ല. അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ഒട്ടേറെയാളുകൾ സഞ്ചരിക്കുന്നുണ്ട്. കണ്ണങ്കര സെയ്ന്റ് മാത്യൂസ് ഹൈസ്കൂളിലേക്കുള്ള വിദ്യാർഥികളും റിസോർട്ടുകളിലേക്കുള്ള സഞ്ചാരികളും പ്രഭാതസവാരിക്കാരും ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. കൈവരികൾ തകർന്ന് കമ്പിയെല്ലാം ദ്രവിച്ചിരിക്കുകയാണ്. ഈ പാലത്തിനടിയിലൂടെ മത്സ്യത്തൊഴിലാളികളും കക്കത്തൊഴിലാളികളും ഭയത്തോടെയാണ് യാത്രചെയ്യുന്നത്. പുത്തനങ്ങാടി തോടിന്റെ ഇരുകരകളിലും കക്ക പുഴുങ്ങുന്ന ജോലിയിലേർപ്പെട്ടവരുമുണ്ട്. പാലം പുതുക്കിപ്പണിയണമെന്നാണ് ജനങ്ങളുടെ ആവശ്യം.

