ദീപ്തി സ്‌പെഷ്യല്‍ സ്‌ക്കൂള്‍

അശണരുടെ തണല്‍

    ബുദ്ധിവൈകല്യമുള്ളവരുടെ വിദ്യാഭ്യാസത്തിലും പുനരധിവാസത്തിലും മാതൃപരമായ മുന്നേറ്റങ്ങള്‍ നടത്തിയ ദീപ്തി സ്‌പെഷല്‍ സ്‌ക്കൂള്‍ നിലനില്‍ക്കാന്‍ ബന്ധപ്പെടുകയാണ്. 
    പുത്തനങ്ങാടിയില്‍ നിന്നുള്ള ജിന്‍സി മാത്യുവിന്റെ ഇടറുന്ന നൃത്തച്ചുവടുകളും ഒരു മണിക്കൂര്‍വച്ച് മൂന്നുമാസം പരിശീലനം നല്‍കി ചിട്ടപ്പെടുത്തിയ ബാന്റ്‌മേളഴും മുന്‍ വിദ്യാര്‍ത്ഥി ശ്രീജിയുടെ ശരീരഭാഷയുടെയും മുഖഭാവങ്ങളുടെയും സര്‍ഗാത്മകവും ജീവിതംപോലെ പകുതി മുറിഞ്ഞുപോയ നീനയുടെ ഗാനവും നമ്മെ വരവേല്‍ക്കുന്നത് ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന നൂറോളം വരുന്ന കുട്ടികളുടെ ദീപ്തി സ്‌പെഷല്‍ സ്‌ക്കൂള്‍ എന്ന കൂട്ടായ്മയിലേക്കാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ 1992 മുതല്‍ പ്രവര്‍ത്തനം ആരമഭിച്ച ഈ സ്ഥാപനം ചേര്‍ത്തല മുഹമ്മ എന്ന ഗ്രാമത്തില്‍ വേമ്പനാട്ടു കായലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ബുദ്ധിപരമായും മാനസികമായും ശാരീരികമായും വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കുവേണ്ടി അതി വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശാഭവന്‍ സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ (ചങ്ങനാശ്ശേരി) കുട്ടികളുടെ എണ്ണം നൂറില്‍ കവിയുകയും സ്ഥലപരിമിതി അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് ബോര്‍ഡിംഗ് സ്‌ക്കൂള്‍ ഇല്ലാത്ത ആലപ്പുഴയില്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. പതിനഞ്ച് കുട്ടികളും മൂന്നു സ്റ്റാഫുമായി ആരംഭിച്ച ദീപ്തിയില്‍ ഇന്ന് നാല്പത്തിനാല് ആണ്‍കുട്ടികളും ഇരുപത്തി മൂന്ന് പെണ്‍കുട്ടികളും ഇരുപത്തിയൊന്ന് സ്റ്റാഫും ഉണ്ട്. സംസ്ഥാനത്തിനകത്തുതന്നെ ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് താമസിച്ചു  പഠിക്കാന്‍ കഴിയുന്ന ഉത്തരവാദിത്വബോധമുള്ള സ്ഥാപനങ്ങള്‍ വിരലിണ്ണെവുന്നത് മാത്രമാണ്. ആദ്യകാലം മുതല്‍ക്കുതന്നെ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ സജീവത പുലര്‍ത്തി നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്ഥാപനത്തെ ഇന്ന് സ്‌നേഹനിര്‍ഭരമായ സമീപനം കൊണ്ടും പക്വതയാര്‍ന്ന പെരുമാറ്റം കൊണ്ടും സിസ്റ്റര്‍ കുസുമമാണ് (പ്രിന്‍സിപ്പാള്‍) നയിക്കുന്നത്. ഇവരെ കൂടാതെ സിസ്റ്റര്‍ റീസാ പോള്‍ (മദര്‍) സിസ്റ്റര്‍ ആന്‍ജോ തുടങ്ങിയവരുടെ സേവനവും സ്ഥാപനത്തിന് ലഭിക്കുന്നു. സ്‌പെഷ്യല്‍ ട്രെയിനിംഗ് (DMR) കഴിഞ്ഞ ആറുപേരടക്കമുള്ള മറ്റ് പത്തൊന്‍പതുപേരും തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നതിന്റെ പിന്നില്‍ ഇത്തരം ജീവിതങ്ങളെ സാന്ത്വനിപ്പിക്കാനുള്ള നിസ്വാര്‍ത്ഥമായ പ്രേരണയും ആത്മവിശ്വാസവുമാണുള്ളത്. നെതര്‍ലാന്റ് സര്‍ക്കാരിന്റെ ടി.ഡി.എച്ച് ഫണ്ട് 2003വരെ ആശ്വാസം പകര്‍ന്ന ഈ സ്ഥാപനം ഇന്ന് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതിനിടയില്‍ മൂന്നുവര്‍ഷം നാഷണല്‍ ട്രസ്റ്റ്  (സെന്‍ട്രല്‍ ഗവണ്‍മെന്റ് പ്രോജക്ട്) നല്‍കിയ രൂപകൊണ്ട് കേവലം പത്ത് സ്റ്റാഫിനുള്ള തുച്ഛമായ ശമ്പളം മാത്രമാണ് സാധ്യമായത്. 

ഇവര്‍ മന്ദബുദ്ധികള്‍
എന്തിനും ഏതിനും മലയാളി പരിഹാസരൂപേണ ഉപയോഗിക്കുന്ന ‘മന്ദബുദ്ധി’ എന്ന മനുഷ്യത്വരഹിതമായ നിഷേധ ശബ്ദത്തിനു പിന്നില്‍ ചില്ലറ അധാര്‍മ്മികതയല്ല ഒളിഞ്ഞിരിക്കുന്നത്. ഇത്തരം ‘മന്ദബുദ്ധി’കളുടെ വൈകല്യ വൈവിദ്ധ്യം സങ്കീര്‍ണ്ണവും രൂക്ഷവുമാണെന്നറിയാന്‍ അവര്‍ ഒരുമിച്ചു ജീവിക്കുന്ന ഏതെങ്കിലും വിദ്യാലയത്തിലേക്ക് പോയാല്‍ മതിയാവും. ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബമമൂല്യങ്ങള്‍ക്കുള്ളിലും കച്ചവട സംസ്‌ക്കാരത്തിനുള്ളില്‍ നിന്ദ്യവും ദാരുണവുമായ വിവേചനത്തിന് വിധേയമാകുന്നവര്‍ക്ക് പലപ്പോഴും ഒരു തണലായിത്തീരുന്നത് ദീപ്തിപോലുള്ള വിദ്യാലയങ്ങളാണ്. ലോക ജനസംഖ്യയില്‍ മൂന്നു ശതമാനം മനുഷ്യര്‍ ബുദ്ധിവൈകല്യമുള്ളവരാണെന്നു കണക്കാക്കപ്പെടുമ്പോഴും ലോകത്ത് തന്നെ ഇത്തരം കുട്ടികള്‍ ഏറ്റവും അധികം കാണപ്പെടുന്നത് കേരളത്തിലാണെന്ന് മനസ്സിലാക്കുമ്പോഴും ചില നിഗമനങ്ങള്‍ക്കപ്പുറം ഈ ശാരീരിക – മാനസിക അവസ്ഥയുടെ കൃത്യമായ കാരണം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനവും സര്‍ഗാത്മകവുമായ ഇടപെടലും അതികഠിനമായ പ്രയത്‌നവും കൂട്ടുചേര്‍ന്നാല്‍ ഇവരിലെ വൈകല്യത്തെകുറിച്ചെങ്കിലും മറികടക്കാന്‍ കഴിയുമെന്നിരിക്കെ അതിന് ശ്രമം നടത്തുന്ന സ്ഥാപനങ്ങള്‍ എത്രയെണ്ണം കേരളത്തില്‍ ഉണ്ട് എന്നത് സംശയകരമാണ്. എന്നാല്‍ കലാ-കായിക പരിശീലനത്തലും പ്രത്യേക ശുദ്ധിയൂന്നുന്ന ദീപ്തിയിലെ പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവന ചെറുതല്ല. ഇവിടെ പഠിച്ച ശ്രീജിമോന്‍ ഇന്ന് മറ്റ് കുട്ടികളോടൊപ്പം നോര്‍മല്‍ സ്‌ക്കൂളില്‍ പഠിക്കുന്നതും സുന്ദരമായി നൃത്തം ചെയ്യുന്നതും ഇതിനുദാഹരണമാണ്. ഇവിടെ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞവര്‍ മിക്കപ്പോഴും വീട്ടിലേക്ക് ഒരു വരുമാനം എത്തിച്ചുകൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ ഒരു തൊഴില്‍മേഖലയെ സ്വന്തമാക്കുന്നു എന്നതും ശ്രദ്ധേയമാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം വരുന്ന ജനതയ്ക്ക് ഇന്നീ സ്‌ക്കൂള്‍ ഒരനുഗ്രഹം തന്നെയാണ്. കാരണം ഇവിടെ പഠിക്കുന്ന കുട്ടികളിലധികവും വരുന്നത് തൊണ്ടുതല്ലിയും കയറുപിരിച്ചും മത്സ്യബന്ധനം നടത്തിയും വയലില്‍ പണിയെടുത്തും ‘വീട്’ എന്ന കൂടാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സ്ഥലത്തുനിന്നാണ് ‘ദീപ്തി’ എന്ന തണലിനുള്ളില്‍ ഇത്തരം കുട്ടികളും രക്ഷിതാക്കളും ആശ്വാസം കണ്ടെത്തുമ്പോള്‍ ഇതിന്റെ പിന്നിലെ പ്രവര്‍ത്തകര്‍ക്ക് ഭൗതികവും സാമ്പത്തികവുമായ പരിഹാരം എന്തെന്നോര്‍ത്ത് ഇന്ന് ഉറക്കമൊഴിയേണ്ടിവരുന്നു. തിളക്കമുള്ള കല്ലുകള്‍ പെറുക്കിക്കൂട്ടുന്ന ഷാനുവിനേയും പേപ്പര്‍ കഷണങ്ങള്‍ ശേഖരിക്കുന്ന അശ്വിനെയും പോലെയുള്ള കുട്ടികളും അവരുടെ സമൂഹവും ഇവരുടെ തീഷ്ണമായ ആഗ്രഹത്തെയും ദിരിതത്തെയും തിരിച്ചറിയാന്‍ പോലും കഴിയാത്തത്ര ആഴത്തില്‍ വൈകല്യം ബാധിച്ചവരാണ്. പത്തൊന്‍പത് വസ്സുകാരന്‍ രമേശിന്റെ രോഗിണിയായ അമ്മയ്ക്ക് വയലിലെ കൂലിപ്പണിയില്‍നിന്ന് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് രമേശിനെയും പ്ലസ്ടുവിന് പഠിക്കുന്ന രണ്ട് സഹോദരിമാരെയും പുലര്‍ത്താനുള്ള കഴിവില്ല. പഞ്ചായത്തില്‍ നിന്ന് രമേശിന് കിട്ടുന്ന ബുദ്ധിവൈകല്യമുള്ളവര്‍ക്കുള്ള വികലാംഗ പെന്‍ഷനും മറ്റ് സ്വകാര്യ വ്യക്തികളില്‍ നിന്ന് കിട്ടുന്ന സഹായവും അവന്റെ പഠനത്തിന് ഉപയോഗിക്കാന്‍ ഇവരുടെ സാമ്പത്തികാവസ്ഥ അനുവദിക്കുന്നില്ല. അത്യാവശ്യ വസ്ത്രങ്ങള്‍ക്കുള്ള ചെലവും ബസ്‌കൂലിയും മാത്രമാണ് അവന് മാത്രമായി ഇതില്‍ നിന്നും എടുക്കാന്‍ കഴിയുന്നത്. സ്‌ക്കൂളില്‍ പൊതുവേ ശാന്തനായ രമേശിന് ജോലി ചെയ്ത് അമ്മയെ സഹായിക്കണമെന്നാണ് ആഗ്രഹം. ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത ജീവിതമാണ് സിജോയുടേത്. അത്യാവശ്യം സാമൂഹിക പെരുമാറ്റരീതികളുള്ള ഈ കുട്ടിക്ക് വീടെന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ബുദ്ധിവൈകല്യത്തോടൊപ്പം അപസ്മാരരോഗമുള്ള ഇവനും സഹോദരിക്കും മരുന്നിന് മാത്രം ആഴ്ചയില്‍ 150 രൂപ വേണം. മദ്യപാനിയായ സഹോദരീ ഭര്‍ത്താവും ഒട്ടും ഉത്തരവാദിത്വബോധമില്ലാത്ത പിതാവും ഇവരുടെ ജീവിതം ദുസ്സഹമാക്കുകയേ ചെയ്യുന്നുള്ളൂ. അമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ട് സഹായിക്കാന്‍ രണ്ട് മാസം സിജോ വീട്ടില്‍പ്പോയി നിന്ന സമയത്താണ് കുടുംബത്തിനൊന്നടങ്കം ചിക്കുന്‍ഗുനിയ പിടിപെട്ടത്. ഒരാഴ്ച ഭക്ഷണവും മരുന്നുമില്ലാതെ ഒരു ഗതിയുമില്ലാതെ വന്നപ്പോള്‍ വീണ്ടും സിജോയെ സ്‌ക്കൂളിലേക്ക് കൊണ്ടുവിട്ടു. സ്‌നേഹം കിട്ടാത്തതുമാത്രമാണ് സിജോയുടെ പ്രശ്‌നമെന്ന് സിസ്റ്റര്‍ കുസുമം ഉറപ്പിച്ചു പറയുന്നു.
പതിനാറ് വയസ്സുകാരി കാവ്യയുടെ രീതികള്‍ തീര്‍ത്തും വ്യത്യസ്തമാണ്. മനസ്സിലെന്ത് വിചാരിച്ചാലും അതപ്പോള്‍തന്നെ ചെയ്യണമെന്ന വാശി, അടുക്കും ചിട്ടയുമില്ലാതെ എല്ലാക്കാര്യങ്ങളും അവള്‍ക്ക് മുന്നില്‍ ചിതറിക്കിടക്കുകയാണ്. വഴക്ക് പറഞ്ഞാലും പിണക്കമൊന്നുമില്ലാതെ ചിരിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരുടെ ഭാഷ ഇവള്‍ക്ക് മനസ്സിലാകുന്നുണ്ടോ ഇല്ലയോ എന്നുപോലും സംശയം തോന്നുംവിധമാണ് കാവ്യയുടെ പെരുമാറ്റരീതികള്‍. പതിനഞ്ച് വര്‍ഷമായി കാവ്യയുടെ അമ്മ മാനസിക രോഗിയാണ് എന്നുള്ളതും വീട്ടില്‍ ഇവളുടെ ജീവിതം ദുസ്സഹമാക്കുന്നു. പതിമൂന്ന് വയസ്സുള്ള ശ്രീകുമാറിന് ബുദ്ധിവൈകല്യത്തോടൊപ്പം കണ്ണിന് കാഴ്ചശക്തിയും തീരെ കുറവാണ്. തീര്‍ത്തും അനാരോഗ്യവാനായ ഈ കുട്ടിക്ക് തനിയെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ശ്രീകുമാറിന്റെ അച്ഛന്‍ അപസ്മാരം വന്ന് വെള്ളത്തില്‍ വീണാണ് മരിച്ചത്. ആറു വയസ്സുകാരി മെറീനയ്ക്ക് തന്റെ മലമൂത്ര വിസര്‍ജ്ജനത്തിനുമേല്‍ പോലും നിയന്ത്രണം സാധ്യമാകുന്നില്ല. അരമണിക്കൂറോ ഒരു മണിക്കൂറോ ഇടവിട്ട് മലമൂത്രവിസര്‍ജ്ജനം നടക്കുന്നത്‌കൊണ്ട് ക്ലാസ്സുകളില്‍ ഇരുന്ന് എഴുതുവാനും വായിക്കാനും പോലും ഇവള്‍ക്ക് സാധിക്കുന്നില്ല. ഒരുപാട് സംസാരിക്കുന്ന ഇവള്‍ പക്ഷേ, പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകാത്ത ഭാഷയാണ്. വളരെ ദരിദ്രമായ കുടുംബസാഹചര്യമുള്ളതുകൊണ്ട് തന്നെ യാതൊരു ഫീസും ഈടാക്കാതെയാണ് ദീപ്തി സ്‌ക്കൂളില്‍ മറീനയെ പഠിപ്പിക്കുന്നത്. പതിനാറുകാരനായ വിനോജാകട്ടെ പലപ്പോഴും അക്രമാസക്തനാകുന്നതാണ് അധ്യാപകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്. മറ്റു കുട്ടികളുമായി യാതൊരു വിധത്തിലും ചേര്‍ന്ന് പോകാന്‍ ഇവന് കഴിയുന്നില്ല എന്ന് മാത്രമല്ല എല്ലാവരേയും ഉപദ്രവിക്കുകയും ചെയ്യും. ഒരിക്കല്‍ അക്രമാസക്തനായ വിനോജ് ചെടിച്ചെട്ടികള്‍ എറിഞ്ഞുടയ്ക്കുകയും ക്ലാസ്സില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. മറ്റൊരിക്കല്‍ രാത്രിസമയം ആയമാരിലൊരാളെ മുടിക്കു പിടിച്ച് വലിച്ചിട്ട് കഴുത്തില്‍ ഇരുകൈകളും അമര്‍ത്തി. മറ്റുള്ളവരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്. അക്രമാസക്തനായാല്‍ വളരെപെട്ടെന്ന് മൗനിയാകുന്ന സിജോ വളരെപെട്ടെന്ന് മൗനിയാകുന്ന സിജോ പിന്നീട് മണിക്കൂറുകളോളം ബോധം കെട്ടുറങ്ങും. മാനസികരോഗ വിഭാഗത്തില്‍ കാണിച്ചപ്പോള്‍ സ്‌നേഹപൂര്‍ണ്ണമായ പരിചരണം മാത്രം മതിയെന്നണ് ഡോക്ടര്‍ പറയുന്നത്.
ഏഴു വയസ്സുകാരന്‍ കണ്ണന് ഇഷ്ടമുള്ള ഭക്ഷണം വേണം. പ്രത്യേകിച്ച് ഇറച്ചിയും മീനും നിര്‍ബന്ധം. എന്തെങ്കിലും അസഹിഷ്ണുത തോന്നിയാല്‍ അലറിക്കരയുകയും തലയിട്ടടിക്കുകയും സ്വന്തം കൈകള്‍ കടിച്ചു മുറിക്കുകയും ചെയ്യും. അമ്മൂമ്മയാണ് അവനെ സ്‌ക്കൂളിലെത്തിച്ചത്. മറ്റുകുട്ടികളുടെ കൂട്ടത്തിലിരിക്കാനും ഡ്രസ്സ് ചെയ്യാനും അവന് തീരെ ഇഷ്ടമില്ല. കൂലിപ്പണിക്കാരനായ അച്ഛന് കഴിവില്ലാത്തതിനാല്‍ അവധി കഴിഞ്ഞ് കണ്ണനെ സ്‌ക്കൂളില്‍ക്കൊണ്ട് തിരിച്ചുവിടാന്‍ അമ്മൂമ്മ ഏറെ കഷ്ടപ്പെടുന്നുണ്ട്. കാതില്‍ക്കിടന്ന ചെറിയ കമ്മല്‍ പണയം വച്ചിട്ടാണ് അവനുള്ള യാത്രച്ചെയവും ഭക്ഷണവും മറ്റും തവണത്തേക്കെങ്കിലും അമ്മൂമ്മ കണ്ടെത്തിയത്. വീട്ടിലെ ഒരേയൊരു മകനായ അരുണിന് രാത്രിയും പകലും അടുത്ത് ആള് വേണം. മാത്രമല്ല അസുഖം വന്നാലും മറ്റ് കുട്ടികളുടെ കൂടെയേ കിടക്കൂ. തീരെ സംസാരിക്കാന്‍ കഴിയാത്ത അരുണിന് ആരോഗ്യവും കുറവാണ്. വയറിളക്കം വന്ന രാത്രിയില്‍ മറ്റു കുട്ടികളോടൊപ്പം കിടന്ന അരുണ്‍ രാത്രി മറ്റു കുട്ടികളുടെ കിടക്കയിലുമെല്ലാം മലവിസര്‍ജ്ജനം നടത്തി. പിന്നീട് രാത്രി മുഴുവന്‍ എല്ലാവരും ഉറങ്ങാതെ അവന് കാവലിരിക്കുന്ന സംഭവും ഇവിടുത്തെ അധ്യാപകര്‍ക്ക് പുത്തരിയല്ല. ദീപ്തി ഒരു ബോര്ഡിംഗ് സ്‌ക്കൂള്‍ ആയതിനാല്‍ ഇങ്ങനെ വിവിധ പ്രായത്തിലുള്ളതും വിവിധ വൈകല്യങ്ങളുള്ളതുമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇവിടെയുണ്ട്. ഇവരുടെയെല്ലാം സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുക എന്നതും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുക എന്നതും നിസ്സാര കാര്യമല്ല. ആരോരുമറിയാതെ ബുദ്ധിവൈകല്യത്തിന്റെ പേരില്‍ അവനവന്റെ കൂരയ്ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന, സമൂഹം അവഗണിക്കുകയും ക്രിമിനല്‍ കുറ്റങ്ങള്‍ക്കുവേണ്ടിപോലും ഉപയോഗിക്കുകയും ചെയ്യുന്ന ഇത്തരം മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ വേറിട്ടതും പ്രശംസനീയമാണ്.
പരിശീലനത്തിലെ ശാസ്ത്രീയത : സൂക്ഷ്മനിരീക്ഷണത്തെയും നിതാന്തപരിശ്രമത്തെയും മുഖമുദ്രയാക്കി ബുദ്ധിവൈകല്യമുള്ള ഓരോ കുട്ടിയെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ഹാന്‍ഡികാപ്ഡ് – സെക്കന്തരാബാദ് തയ്യാറാക്കിയിട്ടുള്ള ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഐ.ക്യൂ. ലെവല്‍ കണ്ടെത്തി care group preprimary, primary, secondary, prevocation, vocation എന്നീ ഗ്രൂപ്പുകളായി തിരിക്കുന്നു. തുടര്‍ന്ന് പത്തു കുട്ടികള്‍ക്ക് ഒരു ആയ എന്ന യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ മനസ്സിലാകും. പലപ്പോഴും ഒരു കുട്ടിക്ക് ഒരു മുഴുവന്‍ സമയ ആയയെ അനുവദിച്ച് കൊടുക്കേണ്ട കേസുകള്‍ നിരവധിയാണ്. ഇങ്ങനെ severe, profound വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ തിരിച്ചറിയുകയും പ്രത്യേകം പരിശിലനം നല്‍കുകയും ചെയ്യേണ്ടതുണ്ട്. Academical, personal, Social occupational, reereational, തുടങ്ങിയയില്‍ ഓരോ കുട്ടിക്കും പ്രത്യേകം പരിശീലനം നല്‍കുന്നു.
പഠനത്തോടൊപ്പം തന്നെ കലാകായിക പരിശീലനവും ഇവരുടെ മനസ്സിന് കുളിര്‍മ്മയേകുന്നു.ഡാന്‍സ്, പാട്ട്, പെയിന്റിങ്,ബാന്റ് തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കിയതിന്റെ ഫലമായി ഈ മേഖലയില്‍ പ്രാവീണ്യം തെളിയിക്കാന്‍ കഴിയുന്ന നിരവധി കുട്ടികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കലാ- കായിക പരിശീലനങ്ങള്‍ നല്‍കുന്ന സമയ- സ്ഥല- സന്ദര്‍ഭങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ നിര്‍ണ്ണായകമായ രീതിയില്‍ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാനും ഇവര്‍ ശ്രമിക്കുന്നു.
കൂടാതെ തൊഴില്‍പരമായ പരിശീലനത്തിലൂടെ സാമ്പത്തിക സ്വാശ്രയത്വം കുറച്ചെങ്കിലും സ്വന്തമാക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്. വാഷിംഗ് സോപ്പ്, വാഷിംഗ് പൗഡര്‍, പൂക്കള്‍, ഫ്‌ളോര്‍മാറ്റ്, കവറുകള്‍, കയര്‍മാറ്റ്, തുടങ്ങി നിരവധി പരിശീലന മേഖലകള്‍ ഇവിടെയുണ്ട്. ഇങ്ങനെ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള സാധ്യതകളും ഇവര്‍ ഒരുക്കുന്നുണ്ട്. കൃഷിപ്പണി, പരിസരശുചീകരണം എന്നിവയെല്ലാം അധ്യയനത്തിന്റെ ഭാഗമാണ്. വൈറ്റ് കോളര്‍ ജോലി സാധ്യത തേടിയുള്ള അമിതാവേശവും പണസമ്പാദനത്തിനുള്ള എളുപ്പമാര്‍ഗ്ഗങ്ങളുടെ പ്രയോഗവും തീരെ ഈ കുട്ടികളിലും പക്ഷിതാക്കളിലും സാധ്യമല്ലാത്തതിനാല്‍ സമാന്തരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ പരീക്ഷണങ്ങളും പ്രായോഗങ്ങളും ഇവിടെ നടക്കുന്നു. രമേശ്, പ്രിജിത്ത്, അനിറ്റ്, ജോസഫൈന്‍ എന്നീ കുട്ടികള്‍ സ്‌കൂളിനടുത്തുള്ള കമ്പനിയില്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ എണ്‍പതു ശതമാനവും അവരുടെ പേരില്‍ ബാങ്കിലിടാന്‍ സ്ഥാപനത്തിനു കഴിയുന്നത്. എന്തികൊണ്ടും അദ്ഭുതാവഹമാണ്. വൊക്കേഷന്‍ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ റാഡ് ഉപയോഗിച്ച് കയര്‍ പിരിച്ചെടുക്കാനുള്ള പരിശീലനം നല്‍കല്‍ ആലപ്പുഴ കയര്‍ബോര്‍ഡിന്റെ സഹായത്തോടെ അടുത്തമാസം ആരംഭിക്കാന്‍ പോവുകയാണ്. വൈകല്യങ്ങളുടെ വ്യത്യാസത്തിനനുസരിച്ചും ശാരീരിക വൈകല്യങ്ങള്‍ പരിഗണിച്ചും ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും സൈക്യാട്രിക് ചികിത്സയും വേണ്ട സമയത്ത് നല്‍കാന്‍ ഇവിടെത്തെ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ മുഹമ്മ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സേവനവും ഇവര്‍ പ്രയോജനപ്പെടുത്തുന്നു.
സര്‍ക്കാര്‍ ഉത്തരവും പേപ്പര്‍ രാഷ്ട്രീയവും :-സര്‍ക്കാരിന്റെ ഉത്തരവില്‍ മാത്രം ഒതുങ്ങുന്ന വാഗ്ദാനങ്ങളും അനാവശ്യമായ പരിശോധനാ മാനദണ്ഡങ്ങളും ഈ സ്ഥാപനത്തെ ചില്ലറയൊന്നുമല്ല കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിട്ടുള്ളത്. ആലംബഹീനരായ കുട്ടികളെ എന്ത് എന്ന ചിന്തയാണ് ഇവരെ ഇന്നും മുന്‍പോട്ട് നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജില്ലാപഞ്ചായത്തിന്റെ സാമൂഹ്യക്ഷേമ വകുപ്പില്‍ 125 പേരുടെ അപേക്ഷ സ്വീകരിക്കുകയും 53 പേര്‍ക്ക് 400 രൂപ വീതം അഞ്ചുമാസം അനുവദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ച തുക കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് ചെലവാക്കാന്‍ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ രക്ഷിതാക്കളെ അനുവദിച്ചില്ല. സ്ഥിരം ഗ്രാന്റുകളോ സ്‌കോളര്‍ഷിപ്പുകളോ കേന്ദ്ര- സംസ്ഥാന സര്‍ക്കാരിര്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്നില്ല. ഏതെങ്കിലും ഗ്രാന്റിന് അപേക്ഷിച്ചാല്‍ത്തന്നെ രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞ് പണം അനുവദിക്കുമ്പോഴേക്കും അപേക്ഷിച്ച കുട്ടി സ്ഥാപനത്തില്‍ ഉണ്ടാവണമെന്നുമില്ല. പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ കുട്ടികള്‍ ( കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 175 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 35 എണ്ണത്തിന് മാത്രമാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാന്റ് ലഭിക്കുന്നത്.) ലീവെടുക്കരുത്. എന്നതുപോലെയുള്ള കര്‍ശന നിയമങ്ങള്‍ക്കുള്ളില്‍ ഈ കുട്ടികളെ സര്‍ക്കാര്‍ തളച്ചിടുന്നതിലും കൊടിയ അധാര്‍മ്മികത കുടികൊള്ളുന്നു. കുട്ടികളുടെ ഭക്ഷണത്തിന് മാത്രമായി മാസം 30,000 രൂപയും, മറ്റ് ചെലവുകളും ശമ്പളവും കൂടി 75,000 രൂപയും ആവഷ്യമായ ഒരു സ്ഥാപനത്തിന് സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കാതെ എങ്ങനെ നിലനിര്‍ത്താനാവും.?
നമ്മുടെ കൊച്ചു കേരളത്തില്‍ ഏതാണ്ട് ആറ് ലക്ഷത്തിലധികം ബുദ്ധിവൈകല്യമുള്ള കുട്ടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 175 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 35 എണ്ണത്തിന് മാത്രമാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാന്റ് ലഭിക്കുന്നത്. വര്‍ഷം കഴിയുന്തോറും എണ്ണമേറി വരുന്ന ഈ മേഖലയില്‍ ശാസ്ത്രീയമായും ഉത്തരവാദിത്ത ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് എത്തിച്ചു കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്. ആലപ്പുഴ ജില്ലയില്‍ മറ്റ് രണ്ട് സ്‌കൂളുകള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ട് ലഭിച്ചിട്ടും ഏക ബോര്‍ഡിങ് സ്‌കൂളായ ദീപ്തിക്ക് ഫണ്ട് ലഭിക്കാത്തതില്‍ ഇവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. എസ്‌സി/എസ്ടി സ്റ്റാഫില്ല. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പരിശീലകരുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകി തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഇവര്‍ക്ക് നിരവധി തവണ ഗ്രാന്റ് നിഷേധിച്ചതിലെ പരിഹാസ്യത നിസ്സാരമല്ല. മുഖ്യധാരാ സമൂഹത്തിന്റെ മാനദണ്ഡങ്ങളും അച്ചടക്കവും തൊഴില്‍ നിയമങ്ങളും വച്ച് ഇവരെ അളക്കാന്‍ ശ്രമിക്കുന്നതും ശരിയായ സമൂപനമല്ല. മുഴുവന്‍ സമയവും (മലമൂത്ര വിസര്‍ജ്യങ്ങളുടെ വൃത്തിയാക്കല്‍ ഉള്‍പ്പെടെ) നിരീക്ഷിണവും സാമീപ്യവും ആവശ്യമുള്ള ഒരു തൊഴില്‍ മേഖലയില്‍ തുച്ഛമായ ശമ്പളത്തിനുള്ളില്‍ തൊഴില്‍ നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും പ്രാവര്‍ത്തികമാകണമെന്നില്ല. അതിനേക്കാള്‍ കുട്ടികളോടുള്ള സമീപനമാണല്ലോ മാനദണ്ഡമാവേണ്ടത്.
ആസൂത്രണ- സാമ്പത്തിക വകുപ്പുകള്‍ മുന്നേ പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവുകളില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് ,2004 ഒക്‌ടോബര്‍ പതിമൂന്നിന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവില്‍ (.G.O(M.S)No.74/2004) ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പും വാര്‍ഷിക അലവന്‍സും അനുവദിച്ചിട്ടുള്ളതില്‍ പ്രസ്തുത നിര്‍വ്വചനത്തെ പുനര്‍ നിര്‍മ്മിച്ച് കുഷ്ഠരോഗാവിമുക്തര്‍, അസ്ഥിസംബന്ധമായ തകരാറുള്ളത്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ (ബുദ്ധ്യമാന്ദ്യം സംഭവിച്ചവര്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ വിവിധതരത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നവര്‍) മാനസിക രോഗികള്‍ മുതലായവരെക്കൂടി ഉള്‍പ്പെടുത്തി പണാവശ്യങ്ങള്‍ക്കായി പ്രതിമാസ സ്‌കോളര്‍ഷിപ്പായി 400 രൂപയും വാര്‍ഷിക ഡ്രസ്സ് അലവന്‍സായി 1000 രൂപയും പ്രതിവര്‍ഷ അലവന്‍സായി 600 രൂപയും പ്രതിവര്‍ഷ അലവന്‍സായി 1000 രൂപയും അനുമതി നല്‍കിയതായി ഉത്തരവില്‍ കാണുന്നു. നേഴ്‌സറിയില്‍ പഠിക്കുന്ന കുട്ടികളെപ്പോലും ഈ ഗണത്തില്‍ ഉത്തരവില്‍ സര്‍ക്കാര്‍ പെടുത്തുകയും ആനുകൂല്യം വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതിനുശേഷം 2005 ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ ഉത്തരവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാവുന്ന മുന്നേ പറഞ്ഞ പ്രതിമാസ സ്‌കോളര്‍ഷിപ്പ് തുക 400 രൂപയില്‍ നിന്നും (അഗാതമായ ആത്മസമര്‍പ്പണത്തോടെയാണ് ‘ദീപ്തി’യിലെ ‘അമ്മ’ മാര്‍ കുഞ്ഞുങ്ങളെ പരിചരിക്കുന്നത്) 600 രൂപയായി വര്‍ദ്ധിപ്പിച്ചതായും എഴുതിക്കാണുന്നു. ഗവര്‍ണറുടെ പ്രത്യേക ഉത്തരവിന്‍ പ്രകാരം നടന്നിട്ടുള്ള ഈ ഭേദഗതിയും മുന്‍കാല ഉത്തരവുകളും പ്രായോഗികമാകാന്‍ വേണ്ട നടപടികള്‍ വര്‍ഷങ്ങളായിട്ടും സ്വീകരിക്കപ്പെട്ടിട്ടില്ല.എന്നത് അധികാരികള്‍ ഇത്തരം കുട്ടികള്‍ക്ക് നേരെ പുലര്‍ത്തുന്ന കടുത്ത അവഗണനയാണ് പുറത്തുകൊമ്ടുവരുന്നത്. സമരത്തിനോ പ്രതിഷേധത്തിനോ കഴിവില്ലാത്ത ഈ കുട്ടികള്‍ക്ക് അനുവദിക്കപ്പെടുന്ന തുക ചെലവാക്കപ്പെടുന്നുണ്ടോ എന്നതും പ്രധാനമാണ്. ആദിവാസികള്‍ക്കുവേണ്ടി കോടികണക്കിന് രൂപ ബജറ്റില്‍ എഴുതിവെക്കുകയും ലോക സബനിയമസഭാംഗങ്ങളുടെ കൈയടിക്കുശേഷം പണം അര്‍ഹരായവരില്‍ എത്താതിരിക്കുകയും ചെയ്യുന്ന നാട്ടില്‍ ഇതൊരു മഹാസംഭവമല്ലായിരിക്കാം. വികസന പരിപാടികളുടെയും വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും പുനരധിവാസത്തിന്റെയും പേരില്‍ നടക്കുന്ന ഇത്തരം കൃത്യവിലോപങ്ങള്‍ ഭരണകര്‍ത്താക്കളെയും ഉദ്യോഗസ്ഥ വൃന്ദത്തെയും സമൂഹ മനസ്സാക്ഷിക്കു മുന്‍പില്‍ പ്രതിചേര്‍ക്കാതിരിക്കില്ല. മിണ്ടാനോ പ്രവര്‍ത്തിക്കാനോ ചിന്തിക്കാനോ കഴിയാത്ത കാവ്യയെയും അരുണിനെയും പോലെയുളള കുട്ടികള്‍ക്ക് ജീവിക്കാനുള്ള കേവല സ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന തരത്തില്‍ നമ്മുടെ ഭരണ സംവിധാനങ്ങള്‍ പ്രതിലോമകരമായി തിരുക എന്നത് അടിയന്തിര പുനര്‍വിചിന്തനത്തിനു വിധേയമാക്കേണ്ട സംഗതിയാണ്.
മൂഹമ്മ പഞ്ചായത്തിന്റെ മാതൃകാ പ്രവര്‍ത്തനം : പരിമിതമായ ഭൗതിക സാഹചര്യവും പഠന സൗകര്യങ്ങളുമുള്ള ഈ സ്ഥാപനം ഇന്ന് ചുറ്റുപാടുകളുടെ അല്പമാത്രമെങ്കിലും മഹത്തായ സഹായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇന്ന് കാത്തിരിക്കുകയാണ്. ശരിയായ രീതിയില്‍ ഭക്ഷണമോ വാസസ്ഥലമോ ഒരുക്കികൊടുക്കാന്‍ കഴിയാത്തതിന്റെ ദയനീയമായ ചിത്രങ്ങള്‍ മുഹമ്മയില്‍ എത്തുന്നവര്‍ക്ക് കാണാന്‍ കഴിയും.മുപ്പതോളം പെണ്‍കുട്ടികള്‍ ഒരു ചെറിയ മുറിയിലാണ് കിടന്നുറങ്ങുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലും ഈ സ്ഥാപനത്തിന് മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. നാട്ടുകാരില്‍ ചിലരുടെയും മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെയും സ്‌നേഹ നിര്‍ഭയരമായ സമീപനം കൊണ്ടാണ് 2004 മുതല്‍ കുട്ടികളുടെ ഭക്ഷണത്തിനാവശ്യമായ അരിയും ഈ വര്‍ഷം മുതല്‍ ഇതിനോടൊപ്പം പഞ്ചസാരയും കടലയും സൗജന്യമായി നല്‍കിവരുന്ന ഈ പഞ്ചായത്തിന്റെ പ്രവര്‍ത്തനം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും മാതൃകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഭാസ്‌ക്കരന്‍, വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യാ ജെയിംസ്, മുന്‍ പഞ്ചായത്ത് അംഗം വിമല്‍ റോയ് തുടങ്ങിയ പേരുകളും പഞ്ചായത്ത് അംഗങ്ങളെയും ഇവര്‍ ആദരവോടെ ഓര്‍ക്കുന്നു. ഒരു പഞ്ചായത്തിന് നമ്മുടെ നാട്ടില്‍ പലതും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചു കൊടുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ അധികാര സാധ്യതകളുടെ വിശാലമായ മേഘലയാണ് മുന്നോട്ടു വയ്ക്കുന്നത്. നാട്ടിലെയും പുറത്തെയും മനുഷ്യരുടെ ദയാപൂര്‍ണ്ണമായ സമീപനവും ഇവര്‍ പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ, അതിലാവും ഈ സ്ഥാപനത്തിന്റെ സ്വപ്നങ്ങള്‍ക്ക് പൂവണിയാന്‍ കഴിയുന്നത്…………….

(വിലാസം : ദീപ്തി സ്‌പെഷ്യല്‍ സ്‌ക്കൂള്‍, മുഹമ്മ പി.ഒ, ആലപ്പുഴ 688525
ഫോണ്‍. 04782863338)

Top